എൻഎസ്ഇ മുൻ എംഡി ചിത്ര രാമകൃഷ്ണ കസ്റ്റഡിയിൽ
Mail This Article
ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) ക്രമക്കേടിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻ എംഡി ചിത്ര രാമകൃഷ്ണയെ കോടതി 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന സിബിഐ വാദം പ്രത്യേക കോടതി അംഗീകരിച്ചു. എൻഎസ്ഇ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യന്റെ കസ്റ്റഡി കാലാവധി നാളെ വരെ നീട്ടി. 3 ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം ഞായറാഴ്ചയാണ് ചിത്രയെ അറസ്റ്റ് ചെയ്തത്.
എക്സ്ചേഞ്ചിന്റെ സെർവറിൽ തിരിമറി നടത്തി ചില വൻകിട ബ്രോക്കർമാർക്ക് മെച്ചമുണ്ടാകും വിധം മുൻഗണന നൽകിയെന്ന ‘കോ ലൊക്കേഷൻ’ കേസിലാണ് ചിത്രയെയും ആനന്ദ് സുബ്രഹ്മണ്യത്തെയും അറസ്റ്റ് ചെയ്തത്. 2015 ൽ അജ്ഞാതനായ ഒരാളിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്ന് സെബി അന്വേഷിച്ചു തുടങ്ങിയതാണ് ഈ ക്രമക്കേട്.
സങ്കൽപ്പിക്കാനാവാത്ത വ്യാപ്തി കേസിനുണ്ടാകാമെന്ന് സ്പെഷൽ ജഡ്ജി സഞ്ജീവ് അഗർവാൾ പറഞ്ഞു. ആനന്ദ് സുബ്രഹ്മണ്യത്തിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ചിത്രയുടെ കസ്റ്റഡി ആവശ്യമാണെന്ന് കോടതി വിലയിരുത്തി. ചോദ്യംചെയ്യലിൽ നിന്ന് ചിത്ര ഒഴിഞ്ഞുമാറിയതായും തെറ്റായ ഉത്തരങ്ങൾ നൽകി അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിച്ചതായും സിബിഐ ചൂണ്ടിക്കാട്ടി.
English Summary: National Stock Exchange former MD Chitra Ramkrishna under custody