മിസയ്ക്കും രോഹിണിക്കും പോരാട്ടം കടുപ്പം
Mail This Article
പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പെൺമക്കൾക്കു ലോക്സഭാ തിരഞ്ഞെടുപ്പു പോരാട്ടം കടുപ്പം. പാടലിപുത്ര മണ്ഡലത്തിൽ മിസ ഭാരതിയും സാരനിൽ രോഹിണി ആചാര്യയും ഏറ്റുമുട്ടുന്നതു ബിജെപിയുടെ സിറ്റിങ് എംപിമാരോടാണ്. ലാലുവിന്റെ കുടുംബതാൽപര്യം മാത്രമേയുള്ളൂവെന്ന് ആരോപിച്ചാണു ബിജെപിയുടെ പ്രചാരണം.
∙ സാരൻ: ലാലു യാദവിന്റെ തട്ടകമായിരുന്ന സാരൻ തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണു രാഷ്ട്രീയത്തിലെ പുതുമുഖമായ രോഹിണി ആചാര്യയുടേത്. അച്ഛന്റെ ജീവൻ രക്ഷിക്കാൻ വൃക്കദാനം ചെയ്ത മകളെന്ന സഹതാപം രോഹിണിക്ക് അനുകൂലഘടകമാണ്. മണ്ഡലത്തിൽ പയറ്റിത്തെളിഞ്ഞ മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയാണ് എതിരാളി. മണ്ഡല പുനർനിർണയത്തിനു മുൻപുള്ള ചപ്രയിൽ 1996 ലും 1999 ലും വിജയിച്ച റൂഡി 2004 ൽ ലാലുവിനോടു തോറ്റു. സാരൻ മണ്ഡലം രൂപീകരിച്ച ശേഷം 2009 ൽ ലാലുവിനോടു വീണ്ടും പരാജയപ്പെട്ടെങ്കിലും 2014 ൽ ലാലുവിന്റെ ഭാര്യ റാബ്റി ദേവിയെ തോൽപിച്ചു. 2019 ൽ തേജ് പ്രതാപ് യാദവിന്റെ ഭാര്യാപിതാവ് ചന്ദ്രികാ റായിയെ തോൽപിച്ചാണു റൂഡി മണ്ഡലം നിലനിർത്തിയത്.
∙ പാടലിപുത്ര: രാജ്യസഭാംഗമാണെങ്കിലും ലോക്സഭയിലെത്താനുള്ള വാശിയോടെ വീണ്ടുമിറങ്ങുന്ന മിസ ഭാരതിക്ക് ഇത്തവണയും എതിരാളി ബിജെപിയുടെ റാം കൃപാൽ യാദവ് തന്നെ. കഴിഞ്ഞ 2 തവണയും റാം കൃപാൽ മിസയെ തോൽപിച്ചു.