ഇൻഡോറിൽ പത്രിക പിൻവലിക്കാൻ ബിജെപി ഭീഷണിപ്പെടുത്തി: എസ്‌യുസിഐ
Mail This Article
ന്യൂഡൽഹി∙ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ചെയ്തതുപോലെ മധ്യപ്രദേശിലെ ഇൻഡോറിലും എതിർസ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചതായി വെളിപ്പെടുത്തൽ. ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം പത്രിക പിൻവലിച്ചു ബിജെപിയിൽ ചേർന്നതിനുപിന്നാലെ എസ്‌യുസിഐ, ബിഎസ്പി സ്ഥാനാർഥികളുടെയും സ്വതന്ത്രരുടെയും പത്രികകൾ പിൻവലിപ്പിച്ചു ബിജെപി സ്ഥാനാർഥിയെ എതിരില്ലാതെ ജയിപ്പിക്കാനാണു ശ്രമം നടന്നത്. എസ്‌യുസിഐ നേതാക്കളാണ് ആരോപണം ഉന്നയിച്ചത്.
പത്രികയിൽ ഒപ്പിട്ടിട്ടില്ലെന്നു പറയണമെന്നാവശ്യപ്പെട്ട് തങ്ങളുടെ സ്ഥാനാർഥിയെ നാമനിർദേശം ചെയ്തവരെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് എസ്‌യുസിഐ സംസ്ഥാന സമിതി അംഗം സുനിൽ ഗോപാലും സ്ഥാനാർഥി അജിത് സിങ് പൻവറും പറഞ്ഞു. ഒപ്പ് വ്യാജമാണെന്നു റിട്ടേണിങ് ഓഫിസർക്കു സത്യവാങ്മൂലം നൽകിയില്ലെങ്കിൽ വീട് ഇടിച്ചു നിരത്തുമെന്നും ഭീഷണിപ്പെടുത്തി.
ഇതെല്ലാം അടിസ്ഥാന രഹിതമായ ആക്ഷേപമാണെന്ന് ബിജെപി വക്താവ് ശിവം ശുക്ല ‘മനോരമ’യോടു പറഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കുന്ന അവസാനദിവസം 13 സ്വതന്ത്രരും കലക്ടറേറ്റിൽ എത്തിയിരുന്നു. ബിഎസ്പിയുടെയും എസ്‌യുസിഐയുടെയും സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടെന്നറിഞ്ഞതോടെ അവരും പത്രിക പിൻവലിച്ചില്ല.
കഴിഞ്ഞ തവണ ബിജെപിയുടെ ശങ്കൽ ലാൽവാനി 5.48 ലക്ഷം വോട്ടിനു ജയിച്ച മണ്ഡലമാണ് ഇൻഡോർ. ഇത്തവണയും അദ്ദേഹം തന്നെയാണു സ്ഥാനാർഥി. ആഭ്യന്തരമന്ത്രി അമിത്ഷാ മത്സരിക്കുന്ന ഗാന്ധിനഗറിലും ഭീഷണിപ്പെടുത്തി പത്രിക പിൻവലിക്കാൻ ശ്രമിച്ചുവെന്ന് സ്ഥാനാർഥികൾ പരാതിപ്പെട്ടിരുന്നു. തോൽവി ഉറപ്പാകുമ്പോൾ ചിലരുണ്ടാക്കുന്ന അപവാദങ്ങളാണിതെല്ലാമെന്നാണ് ഗുജറാത്ത് ബിജെപിയുടെ വിശദീകരണം.