പുതിയ നീതിദേവത കൺതുറന്നത് സുപ്രീം കോടതിയിൽ മാത്രം
Mail This Article
ന്യൂഡൽഹി ∙ കണ്ണുകെട്ടി നിന്നു നീതി ഉറപ്പാക്കുന്ന നീതിദേവതയ്ക്കു പകരം സുപ്രീം കോടതിയിൽ സ്ഥാപിക്കപ്പെട്ട ‘ഇന്ത്യക്കാരിയായ നീതിദേവത’ വീണ്ടും ചർച്ചയിൽ. കണ്ണു തുറന്ന്, രൂപഭാവങ്ങൾ മാറ്റിയുള്ള പ്രതിമ ഒരു വർഷത്തിലേറെയായി സുപ്രീം കോടതി ജഡ്ജസ് ലൈബ്രറിക്കു മുന്നിലുണ്ടെങ്കിലും ഇത് ഇപ്പോഴും നീതിന്യായ വേദികളിൽ വ്യാപകമായിട്ടില്ല.
കോളനിവാഴ്ചക്കാലത്തെ അടയാളമായിരുന്ന കയ്യിലെ വാളും വസ്ത്രങ്ങളും പരിഷ്കരിച്ചാണ് കഴിഞ്ഞ വർഷം മേയിൽ പുതിയ പ്രതിമ സ്ഥാപിച്ചത്. വാളിനു പകരം ഭരണഘടനയാണു നീതിദേവതയുടെ കയ്യിലുള്ളത്. മേലങ്കിക്കു പകരം സാരിയാണ് വേഷം. അപ്പോഴും രണ്ടു തട്ടും തുല്യം നിൽക്കുന്ന കയ്യിലെ ത്രാസ് പ്രതിമയുടെ കയ്യിൽ മാറ്റമില്ലാതെ തുടരുന്നു.
കാഴ്ച മറയ്ക്കപ്പെട്ട നീതിക്കു പകരം എല്ലാവരെയും തുല്യമായി കാണുന്ന നീതിയാണ് ഇന്ത്യ നൽകുന്നതെന്നാണ് പ്രതിമയിലെ മാറ്റങ്ങളുടെ പ്രധാന സന്ദേശം. ബ്രിട്ടിഷ് കാലത്തെ നിയമങ്ങളിൽ സർക്കാർ നടപ്പാക്കുന്ന കാലോചിത പരിഷ്കാരത്തിനൊപ്പമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നിർദേശപ്രകാരം നീതിദേവതയെ പുനരവതരിപ്പിച്ചത്. എന്നാൽ, മറ്റു കോടതികളിലോ നിയമവേദികളിലോ ഇതു വ്യാപകമായില്ല.