ആദായനികുതി പരിശോധന: ആക്സസ് കോഡ് മറികടക്കാനുള്ള അധികാരം നിലവിലുള്ളതെന്ന് ധനമന്ത്രി

Mail This Article
ന്യൂഡൽഹി ∙ ആദായനികുതി പരിശോധനയിൽ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് (പാസ്‍വേഡ്) ലഭ്യമല്ലെങ്കിൽ അതു മറികടന്നു ഡേറ്റ പരിശോധിക്കാനുള്ള അധികാരം നിലവിലുള്ളതാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ധനബില്ലിന്റെ മറുപടിപ്രസംഗത്തിലാണ് പുതിയ ആദായനികുതി ബില്ലിലെ വിവാദവ്യവസ്ഥയെക്കുറിച്ചു നിർമല ആദ്യമായി പ്രതികരിച്ചത്. ധനബിൽ ലോക്സഭ പാസാക്കി.
അന്വേഷണം നേരിടുന്ന വ്യക്തി സഹകരിക്കാതിരിക്കുകയും കംപ്യൂട്ടറിന്റെ ആക്സസ് കോഡ് ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോൾ കോഡ് മറികടക്കാൻ വ്യവസ്ഥയുണ്ടെന്ന് നിർമല ചൂണ്ടിക്കാട്ടി. 1961 ലെ ആദായനികുതി നിയമത്തിൽ ഡിജിറ്റൽ ഇതര രേഖകളെക്കുറിച്ചാണു കാര്യമായി പറഞ്ഞിരിക്കുന്നത്. ഇതിലെ കുറവുകൾ നികത്താനാണ് പുതിയ ബില്ലിലെ വ്യവസ്ഥ.
കേന്ദ്ര ഖജനാവിന്റെ ഭദ്രത ഉറപ്പാക്കാനാണു ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഫോണുകളിലെ എൻക്രിപ്ഷൻ ഭേദിച്ചതുവഴി കണക്കിൽപെടാത്ത 250 കോടി രൂപ കണ്ടെത്താനായി. വാട്സാപ് മെസേജുകളിലൂടെ 90 കോടിയുടെ ക്രിപ്റ്റോകറൻസി ആസ്തികളാണു കണ്ടെടുത്തത്. ഇതേ മാർഗത്തിലൂടെ 200 കോടിയുടെ വ്യാജ ബില്ലുകളും കണ്ടെത്തി. വാട്സാപ് ഗ്രൂപ്പിലെ മെസേജുകൾ വഴിയാണ് മൂലധനനേട്ട നികുതിയിലെ ക്രമക്കേടുകൾ കണ്ടെത്തിയത്. പണം ഒളിപ്പിച്ച സ്ഥലങ്ങൾ ഗൂഗിൾ മാപ്സ് ഹിസ്റ്ററിയിലൂടെ കണ്ടെത്തി. ബെനാമി അക്കൗണ്ടുകളുടെ ഉടമകളെ ഇൻസ്റ്റഗ്രാമിലൂടെ കണ്ടെത്താനായെന്നും നിർമല പറഞ്ഞു.
പുതിയ ആദായനികുതി ബിൽ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് നിർമല പറഞ്ഞു. പുതിയ ആദായനികുതി സ്കീമിനു പുറമേ പഴയ സ്കീമും തുടരുമെന്ന സൂചനയും നൽകി.