നോട്ടുകെട്ട് സംഭവം: ജസ്റ്റിസ് വർമയ്ക്കെതിരെ കേസെടുക്കണമെന്ന് ബാർ അസോസിയേഷനുകൾ

Mail This Article
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടുചേർന്ന സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിലെ ഉൾപ്പെടെ ബാർ അസോസിയേഷനുകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
അലഹാബാദ് ഹൈക്കോടതിയിലേക്കു ജസ്റ്റിസ് വർമയെ സ്ഥലംമാറ്റാനുള്ള ശുപാർശ മരവിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനു നൽകിയ കത്തിലുണ്ട്. സ്ഥലംമാറ്റം പുനഃപരിശോധിക്കാമെന്ന് അസോസിയേഷൻ ഭാരവാഹികളോടു ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചുവെന്നാണു വിവരം.
കേസിൽ സുതാര്യത ഉറപ്പാക്കാനും സംഭവത്തിലെ രേഖകൾ പരസ്യപ്പെടുത്താനും ചീഫ് ജസ്റ്റിസ് സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്തു. കോടതിചുമതലകളിൽനിന്നു നീക്കിയതിനു പുറമേ, ജസ്റ്റിസ് വർമയ്ക്ക് ഭരണപരമായ ചുമതലകളും നൽകരുതെന്ന് ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതി ബാർ അസോസിയേഷനു പുറമേ, ഡൽഹി, അലഹാബാദ്, കർണാടക, ഗുജറാത്ത് ബാർ അസോസിയേഷൻ ഭാരവാഹികളാണ് കത്തിൽ ഒപ്പിട്ടത്.
ക്രിമിനൽ നടപടികളെടുത്തിരുന്നെങ്കിൽ സംഭവസ്ഥലത്തുനിന്ന് തെളിവു നീക്കം ചെയ്യപ്പെടില്ലായിരുന്നു. കേസ് റജിസ്റ്റർ ചെയ്യാതിരിക്കുന്നതു വിചാരണ നടപടികളെ ബാധിക്കുമെന്നും കത്തിലുണ്ട്. ജസ്റ്റിസ് വർമയ്‌ക്കെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യണമെന്ന് അഭിഭാഷകനായ മാത്യൂസ് ജെ.നെടുമ്പാറ നേരത്തേ ഹർജി നൽകിയെങ്കിലും അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു.
മാർച്ച് 14നു ജസ്റ്റിസ് വർമയുടെ വീടിനോടു ചേർന്ന സ്റ്റോർമുറിയിൽ തീപിടിത്തമുണ്ടായതിനെതുടർന്നാണ് നോട്ടുകെട്ടുകൾ അടങ്ങിയ ചാക്കുകൾ കണ്ടെത്തിയത്. ഈ സമയം ജസ്റ്റിസ് വർമയും ഭാര്യയും ഭോപാലിലായിരുന്നു. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മൂന്നംഗ അന്വേഷണസംഘത്തെ നിയോഗിച്ചത്.