മുൻമന്ത്രി പി.ശങ്കരൻ അന്തരിച്ചു

Mail This Article
കോഴിക്കോട് ∙ മുൻ മന്ത്രിയും യുഡിഎഫ് ജില്ലാ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. പി.ശങ്കരൻ (72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 വർഷം ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി.ശങ്കരൻ 2001ൽ കൊയിലാണ്ടിയിൽ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. എ.കെ.ആന്റണി മന്ത്രിസഭയിൽ ആരോഗ്യം, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. 1998ൽ കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലേക്ക് എം.പി.വീരേന്ദ്രകുമാറിനെ പരാജയപ്പെടുത്തി അട്ടിമറി ജയം നേടി.
മട്ടന്നൂർ പഴശ്ശിരാജ എൻഎസ്‌എസ് കോളജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായാണു പൊതുരംഗത്തെത്തിയത്. 1973ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 1991ൽ ബാലുശ്ശേരിയിൽ എ.സി.ഷൺമുഖദാസിനെതിരെയായിരുന്നു നിയമസഭയിലേക്കുള്ള കന്നി അങ്കം.
2005 ജൂലൈ ഒന്നിന് മന്ത്രിസ്ഥാനവും കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് നിയമസഭാംഗത്വവും രാജിവച്ചു കെ.കരുണാകരനൊപ്പം ഡിഐസിയിൽ ചേർന്നു. പിന്നീട് കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി. ഭാര്യ: പ്രഫ. വി.സുധ(റിട്ട.പ്രിൻസിപ്പൽ, കോഴിക്കോട് ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജ്). മക്കൾ: രാജീവ് എസ്.മേനോൻ(ദുബായ്), ഇന്ദു പാർവതി, ലക്ഷ്മി പ്രിയ. മരുമക്കൾ: രാജീവ്, ദീപക്(ഇരുവരും ഐടി എൻജിനീയർ, അമേരിക്ക), ദീപ്തി.
English summary: Former minister P.Sankaran passes away