സ്വപ്നയുടെ രഹസ്യമൊഴി ചോർന്നതിൽ കോടതിയലക്ഷ്യ നടപടിക്കു തുടക്കം

Mail This Article
കൊച്ചി ∙ സ്വർണക്കടത്തു കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മജിസ്ട്രേട്ട് മുൻപാകെ നൽകിയ രഹസ്യമൊഴി പുറത്തുവിട്ടെന്ന പേരിൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാൻ അനുമതി തേടിയുള്ള അപേക്ഷയിൽ അഡ്വക്കറ്റ് ജനറൽ (എജി) കസ്റ്റംസ് എറണാകുളം പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനു നോട്ടിസ് അയച്ചു. ഈ മാസം 26നു വിശദീകരണം നൽകാനാണു അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് നോട്ടിസ് നൽകിയത്.
രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തി ഹൈക്കോടതി രാഷ്ട്രീയ പോർക്കളമാക്കാനുള്ള സുമിത് കുമാറിന്റെ ശ്രമമാണിതെന്നും ക്രിമിനൽ കോടതി അലക്ഷ്യത്തിനു പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു ബാംബൂ കോർപറേഷൻ ചെയർമാനും സിപിഎം നേതാവുമായ കെ.ജെ. ജേക്കബാണ് അപേക്ഷ നൽകിയത്.
കസ്റ്റംസിനെ ഉപയോഗിച്ചു കേരളത്തിൽ സ്വാധീനം വർധിപ്പിക്കാനുളള കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ശ്രമമാണിതെന്നും അനുമതി അപേക്ഷയിൽ ആരോപിക്കുന്നു.
മുഖ്യമന്ത്രി, സ്പീക്കർ എന്നിവരുടെ പ്രേരണ മൂലമാണു ഡോളർ കടത്ത് നടത്തിയതെന്നു സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലുണ്ട്. ഹൈക്കോടതിയിൽ ജയിൽ ഡിജി നൽകിയിരിക്കുന്ന ഹർജിയിലാണു വിശദീകരണ പത്രിക നൽകിയത്. വിശദീകരണ പത്രിക നൽകാനെന്ന വ്യാജേന, സ്വപ്ന സുരേഷിന്റെ മൊഴി പരസ്യമാക്കാനും കോടതിയെ കബളിപ്പിക്കാനുമുള്ള ശ്രമമാണു കസ്റ്റംസ് നടത്തിയതെന്നാണ് ആക്ഷേപം.
എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിൽ ജയിൽ വകുപ്പിന്റെ വിശ്വാസ്യതയും മറ്റും പരാമർശിക്കുന്ന ഭാഗം ചോദ്യം ചെയ്താണു ജയിൽ ഡിജി ഹർജി നൽകിയത്. ഈ ഹർജിയിൽ കക്ഷി ചേർത്തിട്ടില്ലാത്ത കമ്മിഷണർ ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനുമല്ല. മജിസ്ട്രേട്ടിനു നൽകിയ മൊഴി പരസ്യമാക്കുന്നതു നിയമവിരുദ്ധമാണ്.
Content Highlights: Swapna Suresh's statement revelations