കേരളം ആവശ്യപ്പെടുന്നത്ര വാക്സീൻ നൽകും: കേന്ദ്രം

Mail This Article
തിരുവനന്തപുരം ∙ കേരളം ആവശ്യപ്പെടുന്ന മുഴുവൻ വാക്‌സീനും നൽകുമെന്നും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 1.11 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തര കോവിഡ് പ്രതിരോധ പാക്കേജിനു കീഴിൽ എല്ലാ ജില്ലകൾക്കും ഒരു കോടി രൂപ വീതം അനുവദിക്കുമെന്ന് മാണ്ഡവ്യ അറിയിച്ചു. 267.35 കോടി നേരത്തേ അനുവദിച്ചതിനു പുറമേയാണിത്. ഇതുപയോഗിച്ചു ജില്ലകൾക്കു മെഡിക്കൽ പൂൾ സൃഷ്ടിക്കാം. എല്ലാ ജില്ലാ ആശുപത്രികളിലും 10 കിലോ ലീറ്റർ ദ്രവീകൃത ഓക്‌സിജൻ സംഭരണ ടാങ്ക് സൗകര്യമുള്ള പീഡിയാട്രിക് ഐസിയു സ്ഥാപിക്കും.
ഓണം ആഘോഷിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഓണക്കാലത്ത് നിയന്ത്രണം കൈവിടരുതെന്നും വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും നിർദേശിച്ചു.
കേരളത്തിൽ ഇപ്പോഴും 56% പേർക്കു കോവിഡ് ബാധിച്ചിട്ടില്ലെന്നും കൂടുതൽ പേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവർക്കും വാക്‌സീൻ നൽകുകയാണു പോംവഴി. അതിനാണ് കൂടുതൽ വാക്‌സീൻ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് അഭിനന്ദനം
വാക്സീൻ പാഴാക്കാത്തതിലും മരണനിരക്ക് കുറച്ചുനിർത്തിയതിലും കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. മാണ്ഡവ്യയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കാര്യമായ വിമർശനം ഉണ്ടായില്ല. വാക്സിനേഷനിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുന്നിലാണെന്നു യോഗം വിലയിരുത്തി.
കോവിഡ് വ്യാപനത്തോത് കുറയുന്നു
തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് വ്യാപനത്തോത് വീണ്ടും കുറയുന്നു. ഒരാളിൽ നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാൻ ഉപയോഗിക്കുന്ന സൂചകമായ കോവിഡ് ആർ ഘടകം ഏറെ മാസങ്ങൾക്കു ശേഷം ഒന്നിനു താഴെയെത്തി. കഴിഞ്ഞയാഴ്ചത്തെ ആർ ഘടകം 0.96 ആണ്. ഓഗസ്റ്റ് ആദ്യ ആഴ്ച ഇത് 1.05 ആയിരുന്നു. അതിനു മുൻപ് 1.28. പ്രതിവാര വ്യാപന നിരക്കിലെ വർധന 5 ശതമാനത്തിൽ നിന്ന് 4% ആയി കുറഞ്ഞു. ടെസ്റ്റ് ശരാശരി 1.6 ലക്ഷത്തിൽ നിന്ന് 1.36 ലക്ഷമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിലേറെ വർധിക്കാൻ ഇടയാക്കിയത് ഇതാണെന്നാണ് വിലയിരുത്തൽ. കോവിഡ് ആദ്യ ഡോസ് വാക്സിനേഷനിൽ വയനാട് ജില്ല 100% നേട്ടം കൈവരിച്ചു.
പകുതിയിലേറെ പേർക്ക് ആദ്യ ഡോസ്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേർക്ക് ആദ്യ ഡോസ് വാക്‌സീൻ നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 2021ലെ കണക്കു പ്രകാരമുള്ള ജനസംഖ്യയിലെ (3.54 കോടി) 50.25% പേരാണ് (1,77,88,931 പേർ) ആദ്യ ഡോസ് സ്വീകരിച്ചത്. ജനുവരി 16 ന് സംസ്ഥാനത്ത് വാക്‌സിനേഷൻ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിച്ചത്. വാക്‌സിനേഷൻ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ചു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
സംസ്ഥാനത്ത് ഇതുവരെ ആകെ 2,45,13,225 പേർക്കാണു വാക്‌സീൻ നൽകിയത്. ഇതിൽ 67,24,294 പേർ (19%) രണ്ടു ഡോസും ലഭിച്ചവരാണ്. രാജ്യത്ത് ഇതുവരെ 42,86,81,772 പേർക്ക് (32.98%) ഒരു ഡോസും 12,18,38,266 പേർക്കു (9.37%) രണ്ടു ഡോസും കിട്ടി. വാക്‌സീൻ സ്വീകരിച്ചവരിൽ മുന്നിൽ സ്ത്രീകളാണ്.
English Summary: Central government says will give enough covid vaccine to kerala