ADVERTISEMENT

തിരുവനന്തപുരം ∙ അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിയുമായി ഒരു തരത്തിലുമുള്ള അകൽച്ച അരുതെന്ന് സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ ജി.സുധാകരനോടു സിപിഎം നേതൃത്വം നിർദേശിച്ചു. പാർട്ടി പറഞ്ഞതനുസരിച്ച് സുധാകരൻ ഇന്നലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി. കൂടുതൽ സജീവമാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ‘പരസ്യശാസന’ കൂടുതൽ പരസ്യ വിവാദങ്ങൾക്ക് വഴിവയ്ക്കില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

അച്ചടക്ക നടപടികൾക്കു വിധേയരാകുന്ന നേതാക്കളുമായി വ്യക്തിപരമായ ചർച്ച സിപിഎമ്മിന്റെ രീതിയല്ല. എന്നാൽ സുധാകരന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. 

നടപടിക്കു വിധേയനായ നേതാവ് ഏകനായി വീട്ടിലേക്കു മടങ്ങുന്ന രീതിയല്ല ഇത്തവണ ഉണ്ടായത്. പകരം, എകെജി സെന്ററിൽനിന്ന് ഇറങ്ങിയ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെയും പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും അവരുടെ വസതിയിൽ പോയി കണ്ടു. ‘അമ്പലപ്പുഴ അധ്യായം’ മറന്ന് പാർട്ടി സമ്മേളനങ്ങളിൽ സജീവമാകാൻ ഇരുവരും ആവശ്യപ്പെട്ടു. ആലപ്പുഴയിൽ അദ്ദേഹത്തിനുള്ള സ്ഥാനം ഭദ്രമായിരിക്കുമെന്ന ഉറപ്പും നൽകി.

ഇന്നലെ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി അവിടെ ഉച്ചവരെ തുടരുകയും ശിക്ഷ അംഗീകരിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തതോടെ ‘അമ്പലപ്പുഴ’ കുളമായില്ലെന്ന വിശ്വാസത്തിലാണ് നേതൃത്വം.

 സംസ്ഥാന കമ്മിറ്റി അംഗമായ മുതിർന്ന നേതാവിനെതിരെ കടുത്ത കുറ്റപത്രം തന്നെയാണ് കമ്മിഷൻ തയാറാക്കിയത്. എച്ച്. സലാം ഉന്നയിച്ച പരാതികൾ മാത്രം അന്വേഷിച്ച് നിഗമനത്തിൽ എത്തുകയാണ് എളമരം കരീമും കെ.ജെ.തോമസും ചെയ്തത്. സലാമിന്റെ പരാതികളിൽ ഭൂരിഭാഗവും അവർ ശരിവച്ചു. 

കമ്മിഷന്റെ ആരോപണങ്ങളൊന്നും സുധാകരൻ  അംഗീകരിച്ചില്ല. എന്നാൽ  തെറ്റു തിരുത്താൻ സഹായകമായ നടപടിക്ക് അപ്പുറം വേണ്ടെന്ന അഭിപ്രായം മുഖ്യമന്ത്രി ഉൾപ്പെടെ സെക്രട്ടേറിയറ്റ് യോഗത്തിൽ  പ്രകടിപ്പിച്ചു. പരസ്യശാസന സുധാകരൻ   ഉൾപ്പെടെ എല്ലാവരും കൈ   പൊക്കി അംഗീകരിച്ചെന്നാണു വിവരം.

∙ ‘മികച്ച സംഘാടകനും  അഴിമതിരഹിതനും ജനകീയനുമാണ് ജി.സുധാകരൻ. അദ്ദേഹത്തോളം സ്വാധീനമുള്ള സിപിഎം നേതാക്കൾ ആലപ്പുഴയിൽ ഇല്ല. സ്വന്തം പാർട്ടിയിലെത്തന്നെ ചില ദുഷ്ടശക്തികൾ അദ്ദേഹത്തെ ആക്രമിച്ചു. താറടിക്കാനും തളർത്താനും ശ്രമിച്ചു.’ – വെള്ളാപ്പള്ളി നടേശൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

വേദനയില്ല; നേതൃത്വത്തെ സഹായിച്ച് മുന്നോട്ടുപോകും: ജി.സുധാകരൻ

ആലപ്പുഴ ∙ പാർട്ടി നിർദേശത്തിന്റെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും ജില്ലയിലെ പാർട്ടി നേതൃത്വത്തെ സഹായിച്ചു മുന്നോ‍‍ട്ടു പോകുമെന്നു ജി.സുധാകരൻ. സംസ്ഥാന നേതൃത്വത്തിന്റെ പൂർണ പിന്തുണ തനിക്കുണ്ടെന്നും പാർട്ടിയുടെ തീരുമാനങ്ങളിൽ വേദനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഴ്ചകളിൽ പാർട്ടി പരസ്യശാസന നടത്തിയതിനു പിന്നാലെ ഇന്നലെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ ജി.സുധാകരൻ ഉച്ചയ്ക്കു ശേഷമാണ് മടങ്ങിയത്. സുധാകരൻ ഓഫിസിലെത്തുമ്പോൾ ജില്ലാ സെക്രട്ടറി ആർ.നാസർ ഉൾപ്പെടെ പ്രധാന നേതാക്കളാരും ഉണ്ടായിരുന്നില്ല.

‘ഇന്നു തന്നെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തണമെന്നു പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിർദേശിച്ചിരുന്നു. നിർദേശമില്ലായിരുന്നെങ്കിലും ഞാൻ പതിവായി ജില്ലാ കമ്മിറ്റി ഓഫിസിൽ വരുന്നയാളാണ്’  - ജി.സുധ‍ാകരൻ പറഞ്ഞു.

‘ഞാൻ സജീവമാക‍ാതിരിക്കേണ്ട കാര്യമില്ല. പരസ്യശാസനയല്ലാതെ മറ്റു നടപടികളൊന്നും ആവശ്യമില്ലെന്നു സംസ്ഥാന കമ്മിറ്റി കണ്ടു. മുൻപു പ്രവർത്തിച്ചതുപോലെ ആലപ്പുഴ ജില്ലാ ഓഫിസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കണം. കൂടുതൽ സഹായം ഇപ്പോൾ ആവശ്യമുണ്ട്’ – സുധാകരൻ പറഞ്ഞു. 

Content Highlights: G. Sudhakaran, CPM

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com