സ്വപ്നയുടെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തി; മൊഴിയെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം
Mail This Article
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്ട്രേട്ട് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 11നു തുടങ്ങിയ മൊഴിയെടുപ്പിനിടയിൽ സ്വപ്നയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നു നാലു മണിയോടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചു. ഇന്നു വീണ്ടും മൊഴി രേഖപ്പെടുത്തും.
ഗൗരവസ്വഭാവമുള്ള വെളിപ്പെടുത്തൽ നടത്തി സ്വപ്ന പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. കസ്റ്റംസിനും എൻഐഎക്കുമെതിരെ രൂക്ഷവിമർശനമാണു സ്വപ്ന നടത്തുന്നത്. ദേശവിരുദ്ധസ്വഭാവമുള്ള വിവരങ്ങൾ തെളിവു സഹിതം വെളിപ്പെടുത്തിയിട്ടും കസ്റ്റംസും എൻഐഎയും അവഗണിച്ചെന്നാണു സ്വപ്നയുടെ ആരോപണം. സ്വർണക്കടത്തു കേസ് പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻഐഎ ഓഫിസിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ പോലെയാണു പെരുമാറിയതെന്നും എൻഐഎ സൂപ്രണ്ട് അടക്കം ശിവശങ്കറിന്റെ മുന്നിൽ കീഴുദ്യോഗസ്ഥനെ പോലെ നിന്നെന്നും സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു.
സ്വപ്നയുടെ ഹർജി 28ലേക്കു മാറ്റി
കൊച്ചി ∙ സ്വർണക്കടത്തു കേസിലെ വെളിപ്പെടുത്തലിനെത്തുടർന്ന് പാലക്കാട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി 28ലേക്കു മാറ്റി. സമാന വിഷയത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിക്കൊപ്പമാണ് ഇതും പരിഗണിക്കുക. കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻമന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്നു മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായി സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
English Summary: Enforcement Directorate takes statement from Swapna Suresh