‘മോക്ക’; തമിഴ്നാട് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Mail This Article
തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിലെ 'മോക്ക' അതി തീവ്ര ചുഴലിക്കാറ്റ് കാരണം തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്നു കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ലക്ഷദീപ് കടൽ എന്നിവിടങ്ങളിലും മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
അതേസമയം, കോട്ടയം, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ ചില ജില്ലകളിൽ പതിവിലും താപനില ഉയർന്നുനിൽക്കും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.
മോക്ക ഇന്നലെ ഉച്ച കഴിഞ്ഞ് ബംഗ്ലദേശ്, മ്യാൻമർ തീരത്ത് കര തൊട്ടു. മരങ്ങൾ വീഴ്ത്തിയും വീടുകൾ തകർത്തും പേമാരിക്കൊപ്പം ചുഴലിക്കാറ്റു നാശമുണ്ടാക്കി. മ്യാൻമറിലെ സിത്‌വെ നഗരത്തിൽ വെള്ളപ്പൊക്കം മൂലം 5 ലക്ഷത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ആൻഡമാൻ ദ്വീപുകളെ തൊടാതെ മോക്ക വഴിമാറി.
ചൂടുയർന്ന് തമിഴ്നാട്; 43 ഡിഗ്രിയിലേക്ക്
ചെന്നൈ ∙ തമിഴ്നാട്ടിൽ അടുത്ത ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗം. താപനില 2–3 ഡിഗ്രി സെൽഷ്യസ് ഉയരും. ചെന്നൈയിൽ താപനില 39–40 ഡിഗ്രി സെൽഷ്യസ് എത്തിയേക്കാം. 40 ഡിഗ്രി അനുഭവപ്പെടുന്ന മറ്റിടങ്ങളിൽ 43 വരെ ഉയരാനും സാധ്യതയുണ്ട്.
Content Highlight: Cyclone Mocha