ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാല  ബികോം വിദൂര വിദ്യാഭ്യാസ കോഴ്സിന്റെ 5–ാം സെമസ്റ്റർ പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ. പരീക്ഷയെഴുതിയ 30 പേരിൽ ഭൂരിഭാഗം പേർക്കും കിട്ടിയത് പൂജ്യം മാർക്ക് ! അവശേഷിക്കുന്നവർ നേടിയത് ഒന്നു മുതൽ മൂന്നു വരെ മാർക്കുകൾ ! പരീക്ഷ എഴുതിയിട്ടും ചില കുട്ടികൾ ഹാജരായില്ലെന്നും സർവകലാശാലയുടെ കണ്ടെത്തൽ. 

സർവകലാശാലയുടെ കാര്യവട്ടം ക്യാംപസ്, തിരുവനന്തപുരം ആർട്സ് കോളജ്, കരമന എൻഎസ്എസ് വനിതാ കോളജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർഥികളാണ് തോൽവി നേരിട്ടത്. ബിഎ മലയാളം കോഴ്സിൽ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താതെ കൂട്ടത്തോടെ തോൽപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് ബികോം കോഴ്സിലും സർവകലാശാലയുടെ നിരുത്തരവാദപരമായ നടപടികൾ വെളിച്ചത്തു വന്നത്. 

ബികോം കോർപറേഷൻ കോഴ്സിലെ ‘ഫണ്ടമെന്റൽ ഓഫ് ഇൻകംടാക്സ്’ പരീക്ഷയുടെ ഫലം ജൂൺ 30ന് പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരാതി നൽകിയ വിദ്യാർഥികളോട് പുനർമൂല്യനിർണയത്തിന്  അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നാം സെമസ്റ്ററിന്റെ പുനർമൂല്യനിർണയ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ആറാം സെമസ്റ്റർ പരീക്ഷയിൽ നല്ല മാർക്കും വിജയവുമുണ്ടായി. ബുധനാഴ്ചയ്ക്കകം നേരിട്ടെത്തി വിശദീകരണം നൽകാൻ വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ, പരീക്ഷാ കൺട്രോളറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി നാളെയാണ്. വിസി ബുധനാഴ്ചയേ എത്തൂ എന്നതിനാൽ ഇക്കാര്യത്തിലും വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. 

 

 

English Summary: Allegation on Kerala University distance education exam result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com