മഹാകാലം; എംടിക്ക് മനോരമ ഓൺലൈൻ സമർപ്പിച്ച ‘നവതിവന്ദനം’ സാംസ്കാരിക കേരളത്തിന്റെ ആദരമായി
Mail This Article
കൊച്ചി ∙ എംടിയുടെ കഥകൾ ചെയ്യാനുള്ള ആവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്നു നടൻ മമ്മൂട്ടി. എംടിയുടെ തിരക്കഥയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായതായി നടൻ മോഹൻലാൽ. മമ്മൂട്ടിയും മോഹൻലാലിനെയും ഇടംവലമിരുത്തി നടൻ സിദ്ദിഖ് എംടിയുടെ കഥാപ്രപഞ്ചത്തിലേക്കു പിൻനടന്നപ്പോൾ ഓർമയുടെ സെല്ലുലോയ്ഡുകൾ നിറപ്പകർച്ചയിൽ തിളങ്ങി.
∙സിദ്ദിഖ്: മമ്മൂട്ടിയുടെ ആദ്യ സിനിമയാണ് ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’. എങ്ങനെയാണ് അതിലേക്കുള്ള യാത്ര?
മമ്മൂട്ടി: അതിനു മുൻപും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പൂർത്തിയാക്കാൻ സാധിച്ചില്ല. അദ്ദേഹവും മറന്നു കാണും എന്നു ഞാൻ വിചാരിച്ചു. ‘ദേവലോകം’ എന്ന സിനിമയിൽ എന്റെ പേരു സൂചിപ്പിച്ചത് എംടിയാണ്. മഞ്ചേരിയിൽ വക്കീലായപ്പോൾ പി.മുഹമ്മദ് കുട്ടി എന്നാണ് ഞാൻ അറിയപ്പെട്ടിരുന്നത്.
ജനശക്തി ഫിലിംസിൽനിന്നുള്ള കത്ത് പോസ്റ്റുമാൻ കൊണ്ടുവന്നതിൽ മമ്മൂട്ടി എന്നാണ് എഴുതിയിരുന്നത്. കല്യാണം കഴിഞ്ഞ് ആറാം നാളാണു സിനിമയിൽ അഭിനയിക്കുന്നത്. ആ സിനിമ പൂർത്തിയായില്ല. പിന്നീട് ഒരു വർഷം കഴിഞ്ഞാണു ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ വരുന്നത്. അങ്ങനെയാണു ഗുരുശിഷ്യ ബന്ധം തുടങ്ങുന്നത്.
∙സിദ്ദിഖ്: ലാലിന് എംടിയുമായുള്ള ബന്ധം തുടങ്ങുന്നത് എങ്ങനെയാണ്?
മോഹൻലാൽ: ഐ.വി. ശശി ചിത്രത്തിലൂടെയാണു ബന്ധം. പന്ത്രണ്ടോളം സിനിമയിൽ അഭിനയിച്ചു. ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം, പഞ്ചാഗ്നി, ഉയരങ്ങളിൽ... ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. മലയാള മനോരമയുടെ കഥയാട്ടത്തിൽ ഭീമനായി അഭിനയിച്ചു. എംടിയുടെ ഓളവും തീരത്തിലും വീണ്ടും അഭിനയിക്കാൻ കഴിഞ്ഞു. ‘അമൃതംഗമയ’ ഷൂട്ടിങ് സമയത്ത് 2 ദിവസം സംവിധായകൻ ഹരിഹരനു സുഖമില്ലാത്തതിനാൽ എംടിയാണു സംവിധായകനായി നിർദേശം നൽകിയത്. അതൊരു ഭാഗ്യം.
∙സിദ്ദിഖ്: ‘വടക്കൻ വീരഗാഥ’യിലെ സംഭാഷണം കാണാതെ പഠിച്ചതു മമ്മൂക്കയ്ക്ക് ഓർമയില്ലേ?
മമ്മൂട്ടി: സിനിമയുടെ ചർച്ച തുടങ്ങുമ്പോൾ ഞാൻ ഇല്ല. പിന്നീടാണ് എന്നെ തീരുമാനിക്കുന്നത്. കണ്ടിട്ടുള്ള വടക്കൻ വേഷത്തോട് പേടിയുണ്ടായിരുന്നു. അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുമോ എന്നു തോന്നി. അങ്ങനെ അല്ല എന്ന് ‘വടക്കൻ വീരഗാഥ’യുടെ തിരക്കഥ വായിച്ചപ്പോഴാണു മനസ്സിലായത്. വള്ളുവനാടൻ ഭാഷയാണ് എംടി കൂടുതൽ എഴുതുന്നത്.
വള്ളുവനാടൻ ഭാഷയുടെ ഈണത്തിനപ്പുറം വ്യക്തത അദ്ദേഹത്തിന്റെ ഭാഷയിലുണ്ട്. എന്തു പറയണം എന്തു പറയണ്ട എന്നുണ്ടാകും.
ആറ്റിക്കുറുക്കിയപോലെയുള്ള സംഭാഷണമാണ്. അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ പറയാൻ പ്രയാസമുണ്ട്. പഠിച്ചു തുടങ്ങിയാൽ എളുപ്പവുമാണ്. ‘വടക്കൻ വീരഗാഥ’യിലെ കഥാപാത്രം പറയാൻ സാധ്യതയുള്ള സംഭാഷണങ്ങൾ സ്വയം പഠിച്ചിരുന്നു.
∙സിദ്ദിഖ്: എംടിയുടെ കഥാപാത്രമാകാൻ ലാലിന്റെ തയാറെടുപ്പ്?
മോഹൻലാൽ: എംടിയുടെ സ്ക്രിപ്റ്റിലെ സംഭാഷണം മാറ്റാൻ പറ്റില്ല. രണ്ടു മൂന്നു സീൻ കഴിഞ്ഞിട്ടായിരിക്കും അതിന്റെ അർഥം മനസ്സിലാവുക. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശൈലി മാത്രമാണ് എന്റേത്. അദ്ദേഹം ഒരിക്കൽ പറഞ്ഞതു കഥാപാത്രം രൂപപ്പെടുമ്പോൾതന്നെ എങ്ങനെ സിനിമയിൽ അവതരിപ്പിക്കും എന്ന ധാരണയുണ്ടാകും എന്നാണ്. അതിനു മുകളിൽ വളരുമ്പോഴാണു മികച്ച നടനാകുന്നത്. എന്റെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ എല്ലാവരുടെയും സ്വകാര്യ അഹങ്കാരമാണ് എംടി.
ഞാൻ അവതരിപ്പിച്ച ‘കർണഭാരം’ കാണാൻ എംടി വന്നു. ഒന്നും പറയാതെ ചിരിയിൽ, തലോടലിൽ അദ്ദേഹം മറുപടി ഒതുക്കും. ‘കർണഭാരം’ 2 തവണ കണ്ടിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. 2 തവണ കണ്ടിട്ട് ഇഷ്ടമായില്ലേ എന്നു ദുബായിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തപ്പോൾ ചോദിച്ചു. എനിക്കു വളരെ ഇഷ്ടമായി എന്നായിരുന്നു മറുപടി.
∙സിദ്ദിഖ്: ഇനിയും എംടിയുടെ തിരക്കഥയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ?
മമ്മൂട്ടി: ഏതു വേഷം കിട്ടിയാലും അഭിനയിക്കാൻ സന്തോഷം. കാണുമ്പോൾ അത് ഓർമിപ്പിക്കാറുണ്ട്. അദ്ദേഹം കംപ്യൂട്ടറല്ല. അദ്ദേഹത്തിന്റെ ചിന്തയിലൂടെ, പേനയിലൂടെ കഥകൾ പുറത്തേക്കു വരണം. ഞാൻ അദ്ദേഹത്തിന്റെ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. രണ്ടാമൂഴത്തെ അധികരിച്ചു മനോരമ ഒരുക്കിയ ഭീമത്തിൽ. നാടകം കഴിഞ്ഞപ്പോൾ തലയിൽ കൈവച്ചു ‘വിജയിച്ചു വാ’ എന്നു പറഞ്ഞു.
∙സിദ്ദിഖ്: പയ്യമ്പള്ളി ചന്തു എന്ന കഥാപാത്രം ആഗ്രഹിച്ചിരുന്നോ?
മമ്മൂട്ടി: പയ്യമ്പള്ളി ചന്തു ഞാൻ അദ്ദേഹത്തോടു സംസാരിച്ചതാണ്. അതിന്റെ അവസാനം രാജവംശത്തെ പുനഃസ്ഥാപിക്കലാണ്. ആ നിലപാടിന് എതിരായതിനാൽ അദ്ദേഹം വിമുഖനാണ്. അതാണു സംഭവിക്കാത്തത്.