ADVERTISEMENT

കാർവാർ (കർണാടക) ∙ പശ്ചിമഘട്ട മലനിര കുത്തനെ ചെത്തിയിറക്കി നിർമിച്ച റോഡ്. അതിനരികിൽ നിറഞ്ഞൊഴുകുന്ന ഗംഗാവലി നദി. ഷിരൂരിലെ ദേശീയപാത നാലുദിവസം മുൻപുവരെ ഇങ്ങനെയായിരുന്നു. ചൊവ്വാഴ്ചത്തെ മണ്ണിടിച്ചിൽ ദേശീയപാതയെ മറ്റൊരു മലനിരയാക്കി മാറ്റി. ഗതാഗതം പൂർണമായി സ്തംഭിച്ചു.

ആയിരക്കണക്കിനു ടൺ മണ്ണ് ഇടിഞ്ഞുവീഴുമ്പോേൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നതായാണു വിവരം. അർജുനും മറ്റു 2 പേരും മണ്ണിനടിയിലുണ്ടെന്നാണു നിഗമനം. വയോധികയെ കാണാതായിട്ടുണ്ട്. അപകടസമയത്ത് അർജുൻ ലോറിയിൽ ഉണ്ടായിരുന്നോ അതോ ഇവിടത്തെ ചായക്കടയിലായിരുന്നോ എന്നതു വ്യക്തമല്ല.

മണ്ണിടിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന വാഹനങ്ങളും ആളുകളിൽ പലരും നദിയിലേക്ക് ഒലിച്ചുപോയിരുന്നു. ചായക്കട ഉടമ, ഭാര്യ, 2 കുട്ടികൾ, ഇവരുടെ ബന്ധു, തമിഴ്നാട് സ്വദേശിയായ ടാങ്കർ ലോറി ഡ്രൈവർ, തിരിച്ചറിയാത്ത ഒരാൾ എന്നിങ്ങനെ 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. അർജുന്റെ ലോറിയുടെ ജിപിഎസ് സിഗ്നൽ കിട്ടിയ സ്ഥലത്ത് മണ്ണുനീക്കി പരിശോധന തുടരുകയാണ്. നാവികസേന, ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങി വൻ സന്നാഹം സ്ഥലത്തുണ്ട്.‌

പരാതിപ്പെട്ടിട്ടും അർജുനെ തിരയാൻ കർണാടക പൊലീസിന്റെ സഹായം ലഭിച്ചില്ലെന്നു പരാതി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെത്തുടർന്ന് കാസർകോട്ടുനിന്നു മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നാലംഗ സംഘം സംഭവസ്ഥലത്തേക്കു പുറപ്പെട്ടു. ചീഫ് സെക്രട്ടറി വി.വേണു സംഭവസ്ഥലത്തെ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഉത്തര കന്നഡ ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണറുമായി കാസർകോട് കലക്ടർ‌ കെ.ഇൻപശേഖർ ആശയവിനിമയം നടത്തി.

എഐസിസി ജനറൽ‌ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിച്ചു. അർജുന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ, കർണാടക റവന്യു മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ സന്ദേശമയച്ചു. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്താനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് കാർവാർ എസ്പി എം.നാരായണ പറഞ്ഞു.

മംഗളൂരു–ഗോവ റൂട്ടിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം.
മംഗളൂരു–ഗോവ റൂട്ടിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം.

ഉള്ളിലുണ്ട്, ഒരു വീടിന്റെ പ്രതീക്ഷ

പശ്ചിമഘട്ട മലനിരയുടെ താഴ്‌വാരത്തിൽ, 250 മീറ്റർ നീളത്തിൽ മല കണക്കെ ഇടിഞ്ഞു വീണ മൺകൂനയ്ക്കുള്ളിൽ 90 മണിക്കൂറോളം അതിജീവിച്ച് അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് കേരളം. കൊച്ചി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.

English Summary:

Search operation is continuing at the GPS location of Arjun's truck

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com