മിൽമ മുഖേന എത്തും 1.25 കോടി ലീറ്റർ പാൽ
Mail This Article
പാലക്കാട് ∙ ഓണക്കാലത്തെ പാൽലഭ്യത ഉറപ്പുവരുത്തുന്നതിനായി കേരളത്തിനു പുറത്തു നിന്ന് 1.25 കോടി ലീറ്റർ പാൽ വാങ്ങാൻ മിൽമ. തിരുവോണം ഉൾപ്പെടെ പാലിന് ഏറ്റവും ആവശ്യമുള്ള നാലു ദിനങ്ങൾക്കു വേണ്ടിയാണ് കർണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് പാൽ എത്തിക്കുകയെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു. തൈര് നിർമാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി അടുത്ത ദിവസം തന്നെ അധിക പാൽ എത്തിത്തുടങ്ങും.
ഓണക്കാലത്തേക്കു പാൽ, തൈര്, മറ്റ് ഉൽപന്നങ്ങൾ എന്നിവയ്ക്കായി ഒന്നരക്കോടി ലീറ്റർ പാൽ ആവശ്യമാണ് എന്നാണു കരുതുന്നത്. നിലവിൽ 12 ലക്ഷം ലീറ്റർ മാത്രമാണ് കേരളത്തിന്റെ പ്രതിദിന ഉൽപാദനം. ഓരോ ദിവസത്തെയും ആവശ്യം നിറവേറ്റുന്നതിന് ഇപ്പോൾ തന്നെ 7 ലക്ഷം ലീറ്റർ പുറമേ നിന്ന് മിൽമ ഇറക്കുമതി ചെയ്ത് എത്തിക്കുകയാണ്. ഇത്തവണ മലബാർ, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ എല്ലാ യൂണിയനുകളും പാൽക്ഷാമം നേരിടുകയാണ്.
പാലിന്റെ പരിശോധന
കോട്ടയം ∙ ഓണത്തോടനുബന്ധിച്ച് ക്ഷീരവികസന വകുപ്പ് പാൽ ഗുണനിലവാര പരിശോധനയും ഇൻഫർമേഷൻ സെന്ററും സംഘടിപ്പിക്കുന്നു. ഇന്നു മുതൽ 14വരെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്തു നടത്തുന്ന പരിപാടിയിൽ ഉപഭോക്താക്കൾക്കു വിപണിയിൽ ലഭ്യമാകുന്ന ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയാനും ഗുണനിലവാരം സംബന്ധിച്ച സംശയ നിവാരണത്തിനും സാധിക്കും.
ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്തു സൗജന്യമായി പാൽ പരിശോധിക്കാം. പരിശോധനയ്ക്കുള്ള സാംപിളുകൾ 200 മില്ലി ലീറ്ററിലും പാക്കറ്റ് പാൽ 500 മില്ലി ലീറ്ററിലും കുറയാതെ കൊണ്ടുവരണം.