ഉയർന്ന പെൻഷൻ നിഷേധം; സെൻട്രൽ പിഎഫ് കമ്മിഷണർ ഹാജരാകണമെന്ന് ഹൈക്കോടതി

Mail This Article
കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടച്ചിട്ടും ഇപിഎഫ്ഒ ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ (എച്ച്ഒസി) നിന്നു വിരമിച്ചവർ നൽകിയ കോടതിയലക്ഷ്യ കേസിൽ സെൻട്രൽ പിഎഫ് കമ്മിഷണർ ഉൾപ്പെടെ ഹാജരാകണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. 2022 നവംബറിൽ പെൻഷൻ കേസിൽ സുപ്രീം കോടതി ഉത്തരവു വന്ന ശേഷം ആദ്യമായാണ് പിഎഫ് കമ്മിഷണർ നേരിട്ടു ഹാജരാകാൻ ഒരു ഹൈക്കോടതി ഉത്തരവിടുന്നത്. മുൻ പിഎഫ് കമ്മിഷണർ നീലം ഷമി റാവുവിനെതിരെ ആർ.സി.ഗുപ്ത നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കോടതിയുടെ നിർദേശമുണ്ടായിട്ടും എച്ച്ഒസി ജീവനക്കാർക്ക് ഉയർന്ന പെൻഷൻ നിഷേധിച്ചതിനെതിരായ ഹർജിയിൽ 2 മാസത്തിനകം അനുകൂല നടപടി സ്വീകരിക്കാൻ കഴിഞ്ഞ വർഷം മേയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പെൻഷൻകാർ കോടതിയലക്ഷ്യ ഹർജി നൽകുകയായിരുന്നു. നേരത്തേ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഈ മാസം 28ന് അകം നടപടി പൂർത്തിയാക്കണമെന്നും അല്ലാത്തപക്ഷം മാർച്ച് 5ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ തങ്ങൾക്കെതിരായ കുറ്റം വായിച്ചുകേൾക്കുന്നതിനായി അന്നത്തെ സെൻട്രൽ പിഎഫ് കമ്മിഷണർ നീലം ഷമി റാവു, ഇപ്പോഴത്തെ പിഎഫ് കമ്മിഷണർ രമേഷ് കൃഷ്ണമുർത്തി, കൊച്ചി റീജനൽ പിഎഫ് കമ്മിഷണർ ഉത്തം പ്രകാശ് എന്നിവർ ഹാജരാകണമെന്നുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ഹർജിക്കാർക്കു വേണ്ടി അഡ്വ. ആർ.സൻജിത് ഹാജരായി. ഇപ്പോൾ അനുകൂല വിധി ലഭിച്ചത് എച്ച്ഒസിയിലെ കുറച്ചു ജീവനക്കാർക്കു മാത്രമാണെങ്കിലും വിവിധ സ്ഥാപനങ്ങളിലായി സമാന സാഹചര്യം നേരിടുന്ന മൂവായിരത്തിലേറെ ജീവനക്കാർക്ക് ഹൈക്കോടതി വിധി ആശ്വാസകരമാകും.