‘മരണാനന്തര അവയവദാനത്തിലൂടെ കരൾ ലഭിച്ചിരുന്നെങ്കിൽ മകൾ ജീവിച്ചിരുന്നേനെ; ഭയവും അന്ധവിശ്വാസവും തെറ്റിദ്ധാരണയുണ്ടാക്കുന്നു’

Mail This Article
തിരുവനന്തപുരം∙ കരൾരോഗം ബാധിച്ചു മകൾ നികിത നയ്യാർ മരിച്ചതിന്റെ വേദനയിൽനിന്ന് അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന പ്രചാരണവുമായി നമിത മാധവൻകുട്ടിയും ഡോണി തോമസും. എറണാകുളം സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്സനും കരുനാഗപ്പള്ളി സ്വദേശിയുമായ നികിത നയ്യാർ(21) ജനുവരി 25നാണു മരിച്ചത്. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ സിനിമയിൽ ബാലതാരമായിരുന്നു നികിത. കരൾ രോഗത്തിനു 2 തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി. അധികം വൈകാതെ മരിച്ചു.
ജീവിച്ചിരിക്കുന്ന ആളിൽനിന്നു നികിത കരൾ സ്വീകരിക്കുകയായിരുന്നു. മരണാനന്തര അവയവദാനത്തിലൂടെ കരൾ ലഭിച്ചിരുന്നെങ്കിൽ തങ്ങളുടെ മകൾ ജീവിച്ചിരുന്നേനെയെന്നു ഡോണിയും നമിതയും പറയുന്നു. സംസ്ഥാനത്തെ സംവിധാനങ്ങളുടെ പിഴവാണ് ഇതിനു കാരണമെന്നും അവർ പറഞ്ഞു. മരണാനന്തര അവയവദാനം നടക്കാത്തതിനു ഭയവും അന്ധവിശ്വാസവും സിനിമകൾ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയുമൊക്കെ കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇവർ.
ലിവർ ഫൗണ്ടേഷൻ കേരളയുടെ(എൽഎഫ്കെ) ആത്മതാളം പദ്ധതിയുമായി ചേർന്ന് സെന്റ് തെരേസാസ് കോളജ് സംഘടിപ്പിക്കുന്ന സന്നദ്ധ അവയവദാന പദ്ധതിക്ക് ആശംസ നേർന്നുള്ള വിഡിയോയിലാണ് നികിതയുടെ അനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുതെന്ന് ഡോണിയും നമിതയും ഓർമിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്ന ദാതാവിൽനിന്നു കരളിന്റെ 60% മാത്രമേ എടുക്കാൻ പറ്റുകയുള്ളൂവെന്ന് എൽഎഫ്കെ സംസ്ഥാന ട്രഷറർ ബാബു കുരുവിള പറഞ്ഞു. മരണാനന്തര അവയവദാനത്തിലൂടെ ആണെങ്കിൽ കരൾ മുഴുവനായി എടുക്കാം.