ചെറുമേശയ്ക്ക് ഇറക്കുകൂലി ചോദിച്ചത് 110 രൂപ: 3 കിലോമീറ്റർ അകലെ 25 രൂപ!

Mail This Article
വെള്ളറട ( തിരുവനന്തപുരം) ∙ മൂന്നു കിലോമീറ്റർ വ്യത്യാസത്തിൽ ഒരു ചെറിയ മേശയുടെ ഇറക്കു കൂലി ഒരിടത്ത് 110 രൂപയും മറ്റൊരിടത്ത് 25 രൂപയും. പട്ടികജാതി വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി ആര്യങ്കോട് പഞ്ചായത്ത് ഒരെണ്ണത്തിന് 2200 രൂപയ്ക്കു വാങ്ങിയ 24 ചെറിയ ഇരുമ്പു മേശകൾ ലോറിയിൽ നിന്ന് ഇറക്കാനാണ് ആര്യങ്കോട് ജംക്‌ഷനിലെ ചുമട്ടു തൊഴിലാളികൾ യൂണിയൻ വ്യത്യാസമില്ലാതെ സംഘടിതമായി മേശയൊന്നിന് 110 രൂപ ആവശ്യപ്പെട്ടത്.
-
Also Read
വാഗമണ്ണിൽ പറന്നിറങ്ങിയ ത്രില്ലിൽ നെഹാൽ
വലിയ ഡൈനിങ് ടേബിൾ ഇറക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കൂലിയാണിത്. ചെറിയ മേശയ്ക്ക് പ്രത്യേക നിരക്ക് നിശ്ചയിച്ചിട്ടില്ല. കൂലി താങ്ങാനാവാതെ പഞ്ചായത്ത് അധികൃതർ മേശ തിരികെ കൊണ്ടുപോയി മൂന്നു കിലോമീറ്റർ അകലെ ചെമ്പൂര് ജംക്ഷനിൽ എത്തിച്ചു. അവിടെ 25 രൂപ നിരക്കിൽ ചുമട്ടുതൊഴിലാളികൾ ഇറക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫിസിൽ സൂക്ഷിക്കേണ്ട മേശകൾ ഇപ്പോൾ സിപിഎം നേതാവ് കൂടിയായ വൈസ് പ്രസിഡന്റ് കെ.എസ്. ജീവൽകുമാറിന്റെ ചെമ്പൂരിലെ വീടിനു സമീപത്താണുള്ളത്. ഇന്ന് ഇതിന്റെ വിതരണം നടക്കുമ്പോൾ മേശ ഏറ്റുവാങ്ങാൻ ഗുണഭോക്താക്കൾ കിലോമീറ്ററുകൾ അധികം സഞ്ചരിക്കണം.
കേരളത്തിലെ നോക്കുകൂലിയെ വിമർശിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ദേശീയതലത്തിൽ ശ്രദ്ധനേടിയിരുന്നു. ഇതിനെ എതിർത്ത് തൊഴിൽവകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.