കെഎസ്ഇബി എൻജിനീയർ മരിച്ചനിലയിൽ; ജോലി സമ്മർദമെന്ന് പരാതി

Mail This Article
നെടുമങ്ങാട് (തിരുവനന്തപുരം) ∙ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചുള്ളിമാനൂർ ആട്ടുകാൽ ഷമീം മൻസിലിൽ മുഹമ്മദ് ഷമീം (50) ആണ് മരിച്ചത്.സംഭവത്തിൽ സംശയം ഉന്നയിച്ചു ബന്ധുക്കൾ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വ്യാഴം രാത്രി 10.40ന് വീടിന്റെ രണ്ടാംനിലയിലെ ഓഫിസ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടതിനെത്തുടർന്ന് ഭാര്യ സഫിയ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഓഫിസിലെ ജോലി സംബന്ധമായ സമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ സർക്കിൾ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് ജീവനൊടുക്കിയത്. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച ഷമീം പോത്തൻകോട് സെക്‌ഷൻ ഓഫിസിൽ ചുമതലയേറ്റ ശേഷം വലിയ സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മുപ്പതിനായിരത്തോളം ഉപഭോക്താക്കളുള്ള വലിയ സെക്‌ഷനാണിത്. ഇവിടെ സഹായത്തിനുണ്ടായിരുന്ന സബ് എൻജിനീയറെ അടുത്തിടെ സ്ഥലംമാറ്റിയതോടെ ഷമീമിന്റെ സമ്മർദം വർധിച്ചിരുന്നു. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണു സൂചന. മകൾ ഹാജിറ.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. നമ്പർ: 1056, 0471-2552056)