സ്ഥാനക്കയറ്റം: കെ–ടെറ്റ് യോഗ്യത നേടിയതു മുതൽ; കെ–ടെറ്റ് പാസാകാത്തവർക്ക് തൽക്കാലം ജോലി പോകില്ല

Mail This Article
തിരുവനന്തപുരം ∙ കെ–ടെറ്റ് യോഗ്യതയില്ലാതെ 2012 ജൂൺ മുതൽ 2019–20 വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകുകയും തുടർന്നും യോഗ്യത നേടാതിരിക്കുകയും ചെയ്യുന്നവർക്കു തൽക്കാലം ജോലി നഷ്ടപ്പെടില്ല. നിലവിലുള്ള ഇളവ് തുടരുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലറിലൂടെ വ്യക്തമാക്കി.
-
Also Read
പിആർഡി: തിരുത്തൽ നടപടികൾ ഊർജിതം
അതേസമയം, ഇവർക്കു നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കും. കെ–ടെറ്റ് യോഗ്യത നേടിയവർക്കാകട്ടെ അന്നു മുതലാകും സ്ഥാനക്കയറ്റം അംഗീകരിക്കുക.
2021 ജൂലൈ 15 മുതൽ നടത്തിയ നിയമനങ്ങൾക്കെല്ലാം കെ–ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു ലംഘിച്ചു നടത്തിയ നിയമനങ്ങളെല്ലാം റദ്ദാക്കി അത്തരത്തിൽ സർവീസിൽ തുടരുന്നവരെ പിരിച്ചുവിടാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഓഫിസർമാരോടു നിർദേശിച്ചിരിക്കുന്നത്.
ചില എയ്ഡഡ് സ്കൂൾ മാനേജർമാർ കെ–ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമിച്ച ശേഷം നിയമന അംഗീകാരം നിരസിക്കപ്പെടുമ്പോൾ യോഗ്യത നേടിയ തീയതി മുതൽ പുതിയ പ്രൊപ്പോസൽ സമർപ്പിച്ച് അംഗീകാരം നേടുകയാണെന്നും ഈ പ്രവണത കർശനനമായി നിയന്ത്രിക്കണമെന്നുമാണ് ഡിജിഇയുടെ സർക്കുലറിൽ വ്യക്തമാക്കുന്നത്.
അതേസമയം, കെ–ടെറ്റിന്റെ പേരിൽ അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം മനുഷ്യത്വരഹിതമാണെന്നും അവർക്കായി പ്രത്യേക യോഗ്യതാ പരീക്ഷ നടത്തി പ്രശ്നം പരിഹരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ കെപിഎസ്ടിഎ ആവശ്യപ്പെട്ടു.