പെരുമ്പിലാവ് കൊലപാതകം കാരണം റീലിലൂടെ ഒറ്റിയെന്ന സംശയം

Mail This Article
പെരുമ്പിലാവ് (തൃശൂർ) ∙ നവവധുവിന്റെ മുന്നിലിട്ട് ഭർത്താവിനെ ലഹരിസംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മുല്ലപ്പിള്ളിക്കുന്ന് നാലുസെന്റ് ഉന്നതിയിൽ മണ്ടുമ്പാൽ ലിഷോയ് (28), പെരുമ്പിലാവ് തൈലവളപ്പിൽ നിഖിൽ (30) എന്നിവരാണു കുന്നംകുളം പൊലീസിന്റെ പിടിയിലായത്.
കടവല്ലൂർ സ്വദേശിയും മരത്തംകോട്ട് വാടകയ്ക്കു താമസിക്കുന്നയാളുമായ കടവല്ലൂർ കൊട്ടിലിങ്ങൽ വളപ്പിൽ അക്ഷയ് (കൂത്തൻ– 28) ആണു വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ലഹരിക്കെതിരായ ഇൻസ്റ്റഗ്രാം പേജിൽ പ്രതികളുടെ ചിത്രം സഹിതം ‘ഇവരെ സൂക്ഷിക്കുക’ എന്ന കുറിപ്പോടെ റീൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ അക്ഷയ് ആണെന്ന സംശയമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസിനു വിവരം ലഭിച്ചു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ചങ്ങരംകുളം കറുപ്പംവീട്ടിൽ ബാദുഷ (മോനായി) പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ‘ഹേയ്‌ലിക്വിഫൈ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ലഹരി വിൽപനക്കാർ എന്ന പേരിൽ ലിഷോയ്, ബാദുഷ എന്നിവരുടെ ഫോട്ടോ സഹിതം പല റീലുകൾ അജ്ഞാത അക്കൗണ്ടിൽ നിന്നു പോസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ സംഘത്തിലംഗമായിരുന്ന അക്ഷയ്‌യുടെ പേരോ ചിത്രമോ റീലുകളിലില്ലാത്തതാണു പ്രതികളുടെ സംശയമുന അക്ഷയ്ക്കു നേരെ തിരിയാൻ കാരണമെന്നു പൊലീസ് സംശയിക്കുന്നു.
കൊലപാതകം നടന്ന ദിവസവും അക്ഷയ്‌യും ലിഷോയിയും തമ്മിൽ ഫോണിൽ ഇതിനെച്ചൊല്ലി തർക്കം നടന്നിരുന്നതായി പറയുന്നു. ഭാര്യ നന്ദനയുടെ മുന്നിലിട്ടാണു പ്രതികൾ അക്ഷയിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരേ ലഹരി റാക്കറ്റിന്റെ കണ്ണികളായിരുന്ന അക്ഷയ്‌യും പ്രതികളും രണ്ടു സംഘങ്ങളായി പിരിഞ്ഞതും സംഘർഷത്തിനു കാരണമായെന്നു നാട്ടുകാർ പറഞ്ഞു.