ADVERTISEMENT

പുത്തൻകുരിശ് ∙ പാത്രിയർക്കാ ആസ്ഥാനം വീണ്ടുമൊരു ജനസഞ്ചയത്തിനു സാക്ഷിയായി, സഭയുടെ പുതിയ സൂര്യന്റെ ഉദയത്തിന്. പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൈവയ്പു ശുശ്രൂഷ സ്വീകരിച്ച ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു സ്നേഹോഷ്മള വരവേൽപാണു ലഭിച്ചത്. മാസങ്ങൾക്കു മുൻപ്, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കു വിട നൽകാനും ഇതേ ജനസഞ്ചയം പാത്രിയർക്കാ മൈതാനത്തു തടിച്ചുകൂടിയിരുന്നു.

കൊച്ചി വിമാനത്താവളത്തിൽ നിന്നു പുത്തൻകുരിശിലേക്കുള്ള വഴി മുഴുവൻ അദ്ദേഹത്തെ കാണാൻ ജനം തടിച്ചുകൂടി. പാത്രിയർക്കാ സെന്ററിനു മുന്നിൽ ആചാരപരമായി സഭ അദ്ദേഹത്തെ സ്വീകരിച്ചു. സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ മരക്കുരിശും വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ വേദ പുസ്തകവും സഭാ സെക്രട്ടറി ജേക്കബ് സി . മാത്യു പാത്രിയർക്കാ പതാകയുമേന്തി. മെത്രാന്മാരുടെ അകമ്പടിയോടെ, എല്ലാവർക്കും ആശീർവാദം നൽകി സഭയുടെ പുതിയ വെളിച്ചമായി ദേവാലയത്തിലേക്ക്.

മെത്രാപ്പൊലീത്തമാരുടെയും ഇതര സഭ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ മുൻഗാമിയുടെ കബറിൽ ധൂപപ്രാർഥന. തുടർന്ന് ഒരു മണിക്കൂറോളം നീണ്ട സുന്ത്രോണീസോ ശുശ്രൂഷ. ശുശ്രൂഷയ്ക്കൊടുവിൽ ആചാരപരമായി ‘ഓക്സിയോസ്’ (യോഗ്യൻ) എന്നു 3 വട്ടം പ്രഖ്യാപിച്ചപ്പോൾ, തങ്ങളെ നയിക്കാൻ പുതിയ ഇടയനെ ലഭിച്ച സന്തോഷത്തിൽ വിശ്വാസികൾ ഒന്നടങ്കം ‘ഓക്സിയോസ്’ ‌എന്ന് ആവേശപൂർവം ഏറ്റുചൊല്ലി. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ നിയമന കൽപന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ് വായിച്ചു.

യാക്കോബായ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാർ സേവേറിയോസാണു ചടങ്ങുകൾക്കു മുഖ്യ കാർമികത്വം വഹിച്ചത്. പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തിയ ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ് മാർ ബൗട്രസ് അൽ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും സഹ കാർമികരായി. ശുശ്രൂഷകളിൽ സിറോ മലബാർ സഭാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ലാറ്റിൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർത്തോമ്മാ സഭയിലെ തോമസ് മാർ തിമോത്തിയോസ്, സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പൊലീത്ത സിറിൽ മാർ ബസേലിയോസ്, കൽദായ സഭയെ പ്രതിനിധീകരിച്ച് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത, ബിലീവേഴ്സ് സഭയെ പ്രതിനിധീകരിച്ച് സാമുവൽ മാർ തെയോഫിലോസ് എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു.

English Summary:

Kerala Welcomes: Baselios Joseph Catholicos Receives Warm Welcome as New Spiritual Leader

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com