ADVERTISEMENT

ന്യൂഡൽഹി∙ ഫൈസർ ഉൾപ്പെടെ ഇന്ത്യയിൽ അംഗീകാരം നേടാൻ ശ്രമിക്കുന്ന എല്ലാ വാക്സീനുകളും തദ്ദേശീയമായി കൂടി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ. അനുമതി ലഭിച്ച ഓക്സ്ഫഡ് അസ്ട്രാസെനക വാക്സീന്റെ ഇന്ത്യയിലെ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട് 1500ൽ അധികം പേരിൽ പരീക്ഷണം നടത്തി ഫലം പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് അംഗീകാരത്തിനായി അപേക്ഷിച്ചത്. 

തദ്ദേശീയമായി പരീക്ഷണങ്ങൾ നടത്താതെ വാക്സീൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ഫൈസർ തേടിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസിനു പിന്നാലെ ഇന്ത്യയിലും അനുമതി തേടി ഡിസംബറിൽത്തന്നെ ഫൈസർ കേന്ദ്രത്തെ സമീപിച്ചു.

എന്നാൽ തുടർ യോഗങ്ങൾക്കു വിളിച്ചിട്ടും ഇവർ ഹാജരായില്ലെന്ന് ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗസൈസേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പ് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെക്കാൾ ജനിതകപരമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ പൗരന്മാരിൽ വാക്സീനുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് തദ്ദേശീയമായി നടത്തുന്ന പരീക്ഷണങ്ങളിലൂടെയേ വ്യക്തമാകൂ.

ഇന്ത്യയുടെ പുതിയ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽ നിയമം 2019ൽ അത്യാവശ്യ ഘട്ടങ്ങളിൽ ഇതു മറികടക്കാനുള്ള വകുപ്പുകളുണ്ടെങ്കിലും അതു പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. കേന്ദ്ര നിലപാടിനോട് ഫൈസറിന്റെ വക്താവ് പ്രതികരിച്ചില്ല. ജർമനിയുടെ ബയോൺടെക് എസ്ഇ എന്ന കമ്പനിയുമായി ചേർന്നാണ് ഫൈസർ വാക്സീൻ വികസിപ്പിച്ചത്.

നിലവിൽ യുഎസിലും ബ്രിട്ടനിലും വാക്സീൻ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ, ഈ രാജ്യങ്ങൾ  തദ്ദേശീയമായി പരീക്ഷണങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടോയെന്നു വ്യക്തമല്ല. അതിനിടെ, റഷ്യയുടെ സ്പുട്നിക് 5 വാക്സീന്റെ അവസാനഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അവസാനിക്കുന്നതിനു പിന്നാലെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി അപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.

ശനിയാഴ്ച ആരംഭിക്കുന്ന വാക്സിനേഷനുവേണ്ടി 16.5 ദശലക്ഷം ഡോസ് ആണ് കേന്ദ്രം വിതരണം ചെയ്തിരിക്കുന്നത്. അടുത്ത ആറു തൊട്ട് എട്ടു മാസത്തിനുള്ളിൽ മുൻഗണന നൽകുന്ന ജനങ്ങളിൽ കുത്തിവയ്പ്പെടുക്കും. 

English Summary: India Wants Pfizer to Conduct Local Study Before Granting Emergency-use Authorisation: Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com