ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി∙ ‘ജനങ്ങൾക്കു തെറ്റായ സന്ദേശം നൽകുന്ന തീരുമാനം. അതാണ് സംഗീത സെൻഗാറിന്റെ സ്ഥാനാർഥിത്വം പിൻവലിക്കാൻ കാരണം.’ യുപി തദ്ദേശ തിരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർഥി പട്ടികയിൽനിന്ന് ഉന്നാവ് പീഡനക്കേസ് പ്രതി കുൽദീപ് സെൻഗാറിന്റെ ഭാര്യ സംഗീതയെ സ്ഥാനാർഥിയാക്കിയ തീരുമാനം പിൻവലിച്ചതിനെക്കുറിച്ച് പാർട്ടിയുടെ ഉയർന്ന നേതാക്കളിലൊരാൾ നൽകിയ വിശദീകരണം ഇതാണ്. സംഗീതയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന്റെ മൂന്നാം നാൾ തീരുമാനം മാറ്റിയതിനു പിന്നിൽ ദേശീയ നേതൃത്വത്തിന്റെ അതൃപ്തിയുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നിലവിൽ ഉന്നാവ് ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ് സംഗീത. ഈ മാസം 26നാണ് ഉന്നാവിൽ തിരഞ്ഞെടുപ്പു നടക്കുന്നത്. ഫത്തേപൂർ ചൗരാസി മൂന്നാം വാർഡിൽനിന്നാണ് സംഗീതയ്ക്കു ടിക്കറ്റു നൽകിയിരുന്നത്. സാധാരണ യുപി തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയാടിസ്ഥാനത്തില്ല മത്സരം നടക്കാറുള്ളതെങ്കിലും ഇത്തവണ ബിജെപി പട്ടിക നേരത്തേ പ്രഖ്യാപിക്കുകയായിരുന്നു. ബെൻഗാർമുർമു എംഎൽഎയായിരുന്ന കുൽദീപിനെ പീഡനക്കേസിൽ പ്രതിയായതിനെത്തുടർന്ന് 2019ൽ ബിജെപി പുറത്താക്കിയിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തുവെന്നതായിരുന്നു കേസ്. 10 വർഷത്തേക്കു ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് കുൽദീപിന്റെ എംഎൽഎ സ്ഥാനം നഷ്ടമായിരുന്നു. ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥിയാണ് ജയിച്ചത്. ഉന്നാവ് നഗരത്തിലും മിയാഗഞ്ചിനുമിടയ്ക്കുളള മാഖി ഗ്രാമത്തിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് നേരത്തേ സമാജ് വാദി പാർട്ടിക്കാരനായിരുന്ന കുൽദീപിന്റെ കുടുംബം. ഉന്നത രാഷ്ട്രീയ നേത‌ൃത്വവുമായി എപ്പോഴും നല്ല ബന്ധമുള്ളവരാണ് കുടുംബം.

സെൻ‌ഗറിനൊപ്പം ജയിലിൽ കഴിയുന്ന സഹോദരൻ അതുൽ സെൻഗാറിന്റെ ഭാര്യ ആരാധന സിങ് മാഖി പഞ്ച‌ായത്ത് പ്രസിഡന്റാണ്. ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു കൊന്നതിലെ പ്രതിയാണ് അതുൽ.  മറ്റൊരു സഹോദരൻ മനോജ് സിങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഈ സ്വാധീനം തന്നെയാണ് സംഗീതയ്ക്കു ടിക്കറ്റു കൊടുക്കാൻ പാർട്ടി തീരുമാനിച്ചതിനു പിന്നിലുമെന്നാണ് യുപിയിലെ നേതാക്കൾ നൽകുന്ന വിവരങ്ങൾ. കുൽദീപിനെ പാർട്ടി പുറത്താക്കിയതു തന്നെ ഏറെ വിവാദങ്ങൾക്കൊടുവിലായിരുന്നു. എംഎൽഎ സ്ഥാനം പോയത് ശിക്ഷിക്കപ്പെട്ടപ്പോൾ മാത്രം.

കേസിൽ പ്രതിയായ ശേഷവും ബിജെപിയുടെ ചില നേതാക്കൾ കുൽദീപിനോടു കാണിച്ച വിധേയത്വവും ആക്ഷേപ വിധേയമായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച ഉന്നാവ് എംപി സാക്ഷി മഹാരാജ് ജയിലിൽപ്പോയി കുൽദീപിനെ കണ്ടു നന്ദി പറയുകയും ചെയ്തിരുന്നു. ദേശീയ നേതൃത്വത്തിലുളള ചില നേതാക്കൾ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും പ്രാദേശിക നേതൃത്വത്തിന് കുൽദീപിന്റെ കുടുംബത്തെ പിണക്കാനാവുമായിരുന്നില്ല. സംഗീതയുടെ സ്ഥാനാർഥിത്വം ഒഴിവാക്കിയതിന്റെ കാരണമെന്തെന്ന് വിശദീകരിക്കാൻ തീരുമാനം അറിയിച്ച യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് തയാറായിരുന്നില്ല. സ്വതന്ത്രദേവും ജനറൽ സെക്രട്ടറി സുനിൽ ബൻസാലും അടങ്ങിയ സമിതി തന്നെയായിരുന്നു സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമ അനുവാദം നൽകിയതും. ഇപ്പോൾ ജില്ലാ നേതൃത്വത്തോട് 3 പേരടങ്ങിയ പാനൽ നൽകാൻ‍ നിർദേശിച്ചിരിക്കുകയാണ് പാ‍ർട്ടി.

സംഗീതയ്ക്കു സീറ്റു നൽകിയതും അതു മാധ്യമങ്ങളിൽ ചർച്ചയായതും ദേശീയ നേതൃത്വത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. കുൽദീപ് സെൻഗാറും ബിജെപി ബന്ധവും വീണ്ടും ചർച്ചയാക്കുന്നത് അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കുന്നത് നേതൃത്വം ഇഷ്ടപ്പെടുന്നില്ല. ഹത്രസ് പീഡനം വലിയ വിവാദമായപ്പോൾ കോടിക്കണക്കിനു രൂപയുടെ പരസ്യങ്ങളാണ് യുപി സർക്കാരിനു നൽകേണ്ടി വന്നത്. ദേശീയ മാധ്യമങ്ങൾ പലതും അതിനുശേഷം ആ വിഷയത്തിനു വലിയ ഊന്നൽ കൊടുത്തില്ലെന്നതും ചർച്ചയായിരുന്നു. യുപി സർക്കാരിന്റെ വികസന പദ്ധതികളും മറ്റും ഉയർത്തിക്കൊണ്ടു വരുന്നതിനിടെ പഴയതു കുത്തിപ്പൊക്കാൻ അവസരം നൽകുന്ന നടപടിയായി സ്ഥാനാർഥിത്വമെന്ന് വിലയിരുത്തലുണ്ടായി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും തീരുമാനം മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

English Summary: BJP Withdraws Candidature Of Kuldeep Sengar's Wife For UP Panchayat Polls

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com