ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡല്‍ഹി∙ രാജ്യത്തു കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെയും സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്ത് 4 വര്‍ഷത്തിനുള്ളില്‍ 6 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ‘ദേശീയ ധനസമ്പാദന പദ്ധതി’യെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ വിറ്റഴിക്കലിന്റെ തിരക്കിലാണെന്നും കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

കോവിഡിന്റെ പുതുതരംഗം തടയാന്‍ വാക്‌സിനേഷന്റെ വേഗത കൂട്ടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിനെ രൂക്ഷമായ ഭാഷയിലാണു രാഹുല്‍ വിമര്‍ശിക്കുന്നത്. വാക്‌സീന്‍ ദൗര്‍ലഭ്യം, വില നിര്‍ണയം, മഹാമാരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കാതിരിക്കുന്നതിനെയും രാഹുല്‍ വിമര്‍ശിച്ചു. 

കോവിഡിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്കു തുറന്നുകൊടുത്ത് 6 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ‘ദേശീയ ധനസമ്പാദന പദ്ധതി’ (നാഷനല്‍ മൊണെറ്റൈസേഷന്‍ പൈപ്‌ലൈന്‍) പദ്ധതിയെയും രാഹുല്‍ എതിര്‍ത്തിരുന്നു. സാമ്പത്തിക മേഖലയിലുണ്ടായ വീഴ്ചകള്‍ മറയ്ക്കാനുള്ള നീക്കമാണിതെന്നു രാഹുല്‍ പറഞ്ഞു. രണ്ടോ മൂന്നോ സ്വകാര്യ വ്യക്തികള്‍ക്കു മാത്രമേ പദ്ധതിയുടെ ഗുണമുണ്ടാകൂ എന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഉടമസ്ഥാവകാശം കൈമാറാതെ ആസ്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേക്കു സ്വകാര്യസ്ഥാപനങ്ങള്‍ക്കു നല്‍കുന്ന പദ്ധതിയാണു കേന്ദ്രം നടപ്പാക്കുന്നത്. കാലാവധി കഴിയുമ്പോള്‍ തിരികെ നല്‍കണമെന്നാണു നിര്‍ദേശം. ഇക്കൊല്ലം ഇതുവഴി 88,000 കോടി രൂപയാണു ലക്ഷ്യമിടുന്നത്. റോഡ്, റെയില്‍, ഊര്‍ജം ഉള്‍പ്പെടെ 13 മേഖലകളിലെ ആസ്തികളാകും തുറന്നുകൊടുക്കുകയെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ടോള്‍ റോഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വൈദ്യുതി ടവറുകള്‍ എന്നിവയ്ക്കാണ് ഊന്നല്‍.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എന്നിവയുടെ 210 ലക്ഷം ടണ്‍ സംഭരണശേഷിയുള്ള വെയര്‍ഹൗസുകളും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും വിട്ടുകൊടുക്കും. കല്‍ക്കരി മന്ത്രാലയത്തിനു കീഴിലുള്ള 160 പദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം വരും. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പിപിപി മോഡല്‍ അടക്കം ഓരോ മേഖലയ്ക്കും യോജിച്ച ധനസമ്പാദന രീതിയാകും തിരഞ്ഞെടുക്കുക. പദ്ധതിയില്‍ ഓരോ മന്ത്രാലയത്തിനും നിശ്ചിത ടാര്‍ഗറ്റ് ഉണ്ടാകുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

English Summary: "Take Care, Government Busy With Sales": Rahul Gandhi Dig In Covid Tweet

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com