‘തോക്കെടുക്കാന്‍ വീട്ടില്‍പോയി; തിരിച്ചെത്തി കാറിലിരുന്ന് നാട്ടുകാരെ തുരുതുരാ വെടിവച്ചു’

Mail This Article
തൊടുപുഴ ∙ ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പിൽ പകച്ച് നാട്ടുകാർ. പിടിയിലായ പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തൻപുരയ്‌ക്കൽ ഫിലിപ്പ് മാർട്ടിൻ (കുട്ടു–26) വീട്ടിൽപ്പോയി തോക്കുമായി തിരിച്ചുവരികയായിരുന്നു എന്നാണു ദൃക്സാക്ഷികൾ പറയുന്നത്. പ്രകോപിതനായ പ്രതി തുരുതുരാ വെടിവച്ചതായും സംഭവം നേരിൽക്കണ്ടവർ പറഞ്ഞു. ഇയാളുടെ കയ്യിലുണ്ടായിരുന്നതു വ്യാജ തോക്കാണെന്നും കൊല്ലൻ നിർമിച്ചു നൽകിയതാണെന്നും പൊലീസ് സൂചിപ്പിച്ചു.
വെടിവയ്പിൽ ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ സാബു (34) മരിച്ചിരുന്നു. സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന കുട്ടു ഈയിടെയാണ് നാട്ടിൽ എത്തിയത്.
രാത്രി മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തിന്റെ പേരിൽ ഇയാൾ ബഹളമുണ്ടാക്കിയിരുന്നു. ഇതാണു ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചത്. തട്ടുകടയിലെ തര്‍ക്കത്തെ തുടര്‍ന്നു ഫിലിപ്പിനെ നാട്ടുകാര്‍ വീട്ടിലേക്കയച്ചിരുന്നു. പിന്നാലെയാണ് ഇയാൾ തോക്കുമായി തിരിച്ചെത്തിയതും കാറിലിരുന്നുതന്നെ വെടിയുതിര്‍ത്തതും. അഞ്ചുതവണ വെടിവച്ചതായി ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു.
വെടിവയ്പിനിടെ ഇതുവഴി സ്കൂട്ടറിൽ വരുമ്പോഴാണു സനലിനു വെടിയേറ്റത്. ബൈക്കില്‍ വരികയായിരുന്ന സനലിനെ ഇടിച്ചിട്ടു. കഴുത്തിൽ വെടിയുണ്ട തുളച്ചുകയറിയതാണു മരണകാരണമെന്നു പൊലീസ് വ്യക്തമാക്കി. നാട്ടുകാരെയെല്ലാം മുൾമുനയിൽ നിർത്തിയാണു പ്രതി വെടിവച്ചതെന്നും ശേഷം വാഹനത്തിൽ രക്ഷപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. രക്ഷപ്പെടുന്നതിനിടെ മുട്ടത്തുവച്ചാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.
English Summary: Youth shot dead in Idukki Moolamattom; accused Philip Martin help- Updates