ADVERTISEMENT

ന്യൂഡൽഹി ∙ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മാനേജിങ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്‌ണ, മുൻ ഓപ്പറേറ്റിങ് ഓഫിസർ രവി നാരായണൻ, മുംബൈ മുൻ പൊലീസ് കമ്മിഷണർ സഞ്ജയ് പാണ്ഡെ എന്നിവർക്കെതിരെ സിബിഐ പുതിയ കേസ് റജിസ്റ്റർ ചെയ്‌തു. 2009 നും 2017 നും ഇടയിൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ജീവനക്കാരുടെ ഫോൺ കോളുകൾ ടാപ്പ് ‌ചെയ്‌തെന്ന പരാതിയിലാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പുതിയ കേസ്. മൂന്നു പ്രതികളും 2009 മുതൽ 2017 വരെ എൻഎസ്ഇ ജീവനക്കാരുടെ ഫോൺകോളുകൾ അനധികൃതമായി ടാപ്പ് ചെയ്‌തുവെന്ന് എഫ്ഐആറിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനു ചിത്ര രാമകൃഷ്‌ണയും രവി നാരായണനും സഞ്ജയ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തെ സമീപിക്കുകയായിരുന്നുവെന്നു സിബിഐ പറയുന്നു. 5 സം‌സ്ഥാനങ്ങളിലായി സഞ്ജയ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള 18 ഓളം സ്ഥലങ്ങളിൽ സിബിഐ റെയ്‌ഡ് തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

എക്സ്ചേഞ്ചിന്റെ സെർവറിൽ തിരിമറി നടത്തി ചില വൻകിട ബ്രോക്കർമാർക്ക് മെച്ചമുണ്ടാകും വിധം മുൻഗണന നൽകിയെന്ന ‘കോ ലൊക്കേഷൻ’ കേസിലാണ് ചിത്രയെയും എൻഎസ്ഇ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യത്തെയും സിബിഐ അറസ്റ്റ് ചെയ്‌ത‌ത്. 2015 ൽ അജ്ഞാതനായ വിസിൽ ബ്ലോവറിൽനിന്നു (ക്രമക്കേടുകളെക്കുറിച്ചു വിവരം നൽകിയ ആൾ) ലഭിച്ച പരാതികളെത്തുടർന്നാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ‘കോ–ലൊക്കേഷൻ തട്ടിപ്പ്’ അന്വേഷിച്ചു തുടങ്ങിയത് . ഈ അന്വേഷണത്തിനിടെയാണ് എൻഎസ്ഇയുടെ ആദ്യ വനിതാ എംഡി ചിത്ര രാമകൃഷ്ണ അജ്ഞാതനുമായി കമ്പനികളുടെ അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതായും ആനന്ദ് സുബ്രഹ്മണ്യനെ ചട്ടം ലംഘിച്ചു നിയമിച്ചതായും വ്യക്തമായത്.

എക്‌സ്‌ചേഞ്ചിന്റെ പരിസരത്തുതന്നെ വൻകിട ബ്രോക്കർമാർക്ക് അവരുടെ സിസ്റ്റം/സെർവർ സ്‌ഥാപിക്കാൻ സൗകര്യം നൽകുന്നതാണു കോ–ലൊക്കേഷൻ സമ്പ്രദായം. ഇതുവഴി അവരുടെ ക്ലയന്റുകൾക്ക് അതിവേഗം വിപണി ഡേറ്റ നൽകി ഓഹരിക്രയവിക്രയം നടത്താൻ അവസരമൊരുക്കും. പല രാജ്യങ്ങളിലും സ്റ്റോക് എക്സ്ചേഞ്ചുകൾക്കു ‘കോ ലൊക്കേഷൻ’ രീതിയുണ്ട്. എന്നാൽ, എൻഎസ്ഇയുടെ ‘കോ ലൊക്കേഷൻ’ ഉപയോഗിച്ചിരുന്ന ഒപിജി സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിനു സോഫ്റ്റ്‍വെയർ തിരിമറിയിലൂടെ ഹിതകരമല്ലാത്ത മുൻഗണന നൽകിയെന്നായിരുന്നു ആരോപണം. മറ്റെല്ലാം ബ്രോക്കർമാർക്കും കമ്പനിയുടെ പ്രൈമറി സെർവറിലേക്കാണു ലോഗിൻ നൽകിയിരുന്നതെങ്കിൽ അതിന്റെ ബാക്കപ്– സെർവറിലേക്കാണ് ഒപിജിക്കു പ്രവേശനം നൽകിയിരുന്നത്. സംഭവത്തിൽ എൻഎസ്ഇക്ക് ഐപിഒയിൽനിന്ന് ആറു മാസത്തെ വിലക്ക് സെബി ഏർപ്പെടുത്തി. 624.89 കോടി രൂപ പിഴയുമിട്ടു.

ജനപ്രിയ പരിഷ്കാരങ്ങളിലൂടെയാണ് സഞ്ജയ് പാണ്ഡെ വാർത്തകളിൽ ഇടം നേടിയത്. മുംബൈയിലെ വെറും നാലു മാസത്തെ സേവന കാലം കൊണ്ടു തന്നെ ജനശ്രദ്ധ ആർജ്ജിക്കാൻ സഞ്ജയ് പാണ്ഡെയ്ക്ക് കഴിഞ്ഞിരുന്നു. റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങൾ അനധികൃത പാർക്കിങ് ആരോപിച്ചു ട്രാഫിക് പൊലീസ് എത്തി കെട്ടി വലിച്ചു കൊണ്ടു പോകുന്ന നടപടി പാണ്ഡെ നിർത്തലാക്കിയതും രാത്രികാലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ വിലക്കിയതും ശ്രദ്ധേയ നടപടികളായിരുന്നു. നഗരവാസികളിൽ വയോധികർ ഉൾപ്പെടെ പലർക്കും തടസ്സമില്ലാത്ത ഉറക്കം സമ്മാനിച്ച തീരുമാനമാണിത്.

ഫുഡ് ഡെലിവറി ആപ്പുകളുടെയും ആമസോൺ, ഫ്ലിപ് കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളുടെയും ഡെലിവറി ജീവനക്കാർ അശ്രദ്ധമായി വാഹനമോടിക്കുന്നതു മൂലമുള്ള ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ പാണ്ഡെ കർശന നടപടികൾ സ്വീകരിച്ചു. നഗരത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തി സമയം 8 മണിക്കൂർ ആയി നിജപ്പെടുത്തിയതും പ്രശംസ നേടി. ജനങ്ങൾ പാസ്‌പോർട്ട് വെരിഫിക്കേഷനു വേണ്ടി പൊലീസ് സ്റ്റേഷനുകളിലേക്കു പോകേണ്ടതില്ലെന്നും തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്നു പാസ്പോർട്ട് അപേക്ഷകരുടെ വീട്ടിലേത്തുന്ന കോൺസ്റ്റബിൾ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും പാണ്ഡെ ഉത്തരവിട്ടതും ജനപ്രിയ നടപടികളായിരുന്നു.

English Summary: ​CBI Case Against Mumbai Ex Top Cop Over Alleged Phone-Tapping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com