ADVERTISEMENT

തൃശൂർ ∙ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ, കെഎസ്ആർടിസി ഡ്രൈവറുടെ ഭാഗത്തും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ. അമിത വേഗത്തിലായിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് വേഗത കുറയ്ക്കുകയും നടുറോഡിൽ നിർത്തുകയും ചെയ്തത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് നാറ്റ്പാക് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

അപകടത്തിന്റെ പ്രാഥമിക ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവർ തന്നെയാണ്. കെഎസ്ആർടിസി ബസിനും ടൂറിസ്റ്റ് ബസിനും ഇടയിലുണ്ടായിരുന്ന കാറിന്റെ ഭാഗത്തും വീഴ്ചയുണ്ടായി. അമിത വേഗത്തിൽ പോകേണ്ട ട്രാക്കിലൂടെ കാർ സഞ്ചരിച്ചത് 50 കി.മീറ്റർ വേഗതയിലാണ്. ദേശീയപാതയിൽ വഴിവിളക്കുകളും റിഫ്ളെക്ടറുകളും ഇല്ലാത്തതും അപകടത്തിന് വഴിവച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

കെഎസ്ആർടിസി ഡ്രൈവറുടെ പിഴവും അപകടത്തിനു കാരണമായതായി മുൻപേ തന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റ്പാക് റിപ്പോർട്ടിലും അദ്ദേഹത്തിനെതിരെ പരാമർശം വന്നത്. അപകടത്തിനു തൊട്ടുമുൻപ് 97.7 കിലോമീറ്റർ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ് ഓടിയിരുന്നത് എന്ന് ജിപിഎസ് അടിസ്ഥാനമാക്കി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ അതിനേക്കാൾ വേഗതയിലാകും ടൂറിസ്റ്റ് ബസിനു മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസ് സഞ്ചരിച്ചിരുന്നത് എന്നാണ് കണ്ടെത്തൽ. അപകട സ്ഥലത്തിനു മുൻപുള്ള ടോളിലും കെഎസ്ആർടിസി ബസായിരുന്നു മുന്നിൽ.

അതിനു പുറമെ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പെട്ടെന്ന് നിർത്തിയതും അപകടത്തിനു കാരണമായെന്നാണ് റിപ്പോർട്ട്. ഇടതുവശത്തേക്കു ചേർത്ത് നിർത്തുന്നതിനു പകരം ഏതാണ്ട് റോഡിനു നടുവിലാണ് ബസ് നിർത്തിയത്. ഇരു ബസുകൾക്കും ഇടയിലുണ്ടായിരുന്ന കാറിന്റെ വേഗത കുറവായിരുന്നതും അപകടത്തിനു കാരണമായെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്.

English Summary: KSRTC Driver Is Also Responsible For The Vadakkencherry Bus Accident, Says Natpac Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com