കഷായം കുടിച്ച് മരണം: ഷാരോണിന്‍റെ പെൺ സുഹൃത്തിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

Mail This Article
തിരുവനന്തപുരം ∙ പെണ്‍സുഹൃത്ത് നല്‍കിയ കഷായംകുടിച്ച് പാറശാലയില്‍ യുവാവ് മരിച്ച കേസില്‍ ഇന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുക്കും. രാവിലെ പത്തിന് റൂറല്‍ എസ്പി ഓഫിസില്‍ ഹാജരാകാനാണു നിര്‍ദേശം. മൂന്ന് സംഘമായി തിരിഞ്ഞാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. ഷാരോണിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഇന്ന് യുവാവിന്‍റെ വീട് സന്ദര്‍ശിച്ചേക്കും.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കുന്നത് വേഗത്തിലാക്കാന്‍ പൊലീസ് മെഡിക്കല്‍ കോളജിനോട് നിര്‍ദേശിച്ചു. ഷാരോണിന്‍റെ മരണത്തില്‍ ദൂരുഹതയേറുന്ന സാഹചര്യത്തില്‍ കുടുംബത്തിന്‍റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ചൊവ്വാഴ്ച വൈകിട്ടാണു ഷാരോൺ മരിച്ചത്. മുര്യങ്കര ജെ.പി.ഹൗസിൽ ജയരാജിന്റെ മകനാണ്. നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയായിരുന്നു.
14ന് രാവിലെ ഷാരോൺരാജും സുഹൃത്ത് റെജിനും രാമവർമൻചിറയിലുള്ള സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിൽ എത്തി. റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. അൽപസമയം കഴിഞ്ഞ് ഛർദിച്ച് അവശനിലയിൽ ഷാരോൺ പുറത്തേക്ക് എത്തി. പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദി അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞശേഷം വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെടുകയായിരുന്നു. 17ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനശേഷി കുറഞ്ഞതായി തെളിഞ്ഞു. 9 ദിവസത്തിനുള്ളിൽ 5 ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. പിന്നാലെ മരണവും സംഭവിച്ചു.
English Summary: Sharon death case updates