ആഘോഷമായി ആർജെഡിയുടെ ഇഫ്താർ; അപ്രതീക്ഷിത അതിഥിയായി പപ്പു യാദവ്
Mail This Article
പട്ന ∙ ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആർജെഡിയുടെ ഇഫ്താർ വിരുന്നിനെത്തി. ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട പപ്പു ഒൻപതു വർഷത്തിനു ശേഷമാണ് മുൻ മുഖ്യമന്ത്രി റാബ്റി ദേവിയുടെ വസതിയിലെത്തിയത്. ഇഫ്താറിനെത്തിയ പപ്പുവിനെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സ്വീകരിച്ചു. ആർജെഡി വിട്ട ശേഷം ലാലു കുടുംബത്തിന്റെ നിശിത വിമർശകനായിരുന്നു പപ്പു.
മുഖ്യമന്ത്രി നിതീഷ് കുമാറും ജനതാദൾ (യു) അധ്യക്ഷൻ ലലൻ സിങും പങ്കെടുത്തു. ക്ഷണമുണ്ടായിട്ടും ബിജെപി നേതാക്കൾ വിട്ടു നിന്നു. എൻഡിഎയോടൊപ്പം നിൽക്കുന്ന ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പസ്വാൻ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടു. നിതീഷ് കുമാറിനോടു കടുത്ത എതിർപ്പുള്ള ചിരാഗ്, മഹാസഖ്യത്തിൽ തേജസ്വിയുമായി സൗഹൃദത്തിലാണ്. ഇരു മുന്നണികളുടെയും ഭാഗമല്ലാത്ത ഉപേന്ദ്ര ഖുശ്വാഹ (രാഷ്ട്രീയ ലോക് ജനതാദൾ), മുകേഷ് സാഹ്നി (വിഐപി) എന്നിവർ ഇഫ്താറിൽ പങ്കെടുത്തില്ല.
English Summary: Pappu Yadav attends Iftar party hosted by RJD's Tejashwi Yadav