‘യുവ’ത്തെ നേരിടാന്‍ കെപിസിസിയുടെ ‘യുവസംഗമം’; ഒരു ലക്ഷം യുവാക്കളെ പങ്കെടുപ്പിക്കും

Mail This Article
തിരുവനന്തപുരം∙ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബിജെപി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, കോൺഗ്രസ് നേതാക്കൾ താഴേത്തട്ടു മുതൽ മത സമുദായ നേതാക്കളെ കാണും. കെപിസിസി രാഷ്ട്രീയ സമിതി യോഗത്തിലാണ് തീരുമാനം.
ബിജെപിയുടെ സമുദായ പ്രീണന നീക്കത്തെ ജാഗ്രതയോടെ നേരിടണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി ന്യൂനപക്ഷ സമുദായങ്ങളുമായി അടുക്കുന്നത്. സിപിഎമ്മും ന്യൂനപക്ഷ സമുദായങ്ങളുമായി അടുപ്പം വർധിപ്പിക്കാൻ ശ്രമിക്കുന്നു. യുഡിഎഫിനോട് അടുപ്പമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ അകലാതിരിക്കാൻ ജാഗ്രത വേണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപി സംഘപരിവാർ സംഘടനകൾ ന്യൂനപക്ഷങ്ങൾക്കു നേരെ നടത്തിയ അക്രമങ്ങളുടെ ചിത്രങ്ങളും വിഡിയോയും സാധാരണക്കാർക്കു മുന്നിൽ പ്രദർശിപ്പിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ യുവം പരിപാടിക്ക് ബദലായി കെപിസിസി യുവജനങ്ങളുടെ സംഗമം സംഘടിപ്പിക്കും. മേയ് മാസത്തിൽ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ഒരു ലക്ഷം യുവാക്കളെ സംഗമത്തിൽ പങ്കെടുപ്പിക്കാൻ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ബിജെപിയുടെ യുവ സംഗമത്തിനു ബദലായാണ് കോൺഗ്രസ് യുവാക്കളുടെ സംഗമം വിളിച്ചു ചേർക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. യുവാക്കൾ വിദേശത്തേക്കു കൂട്ടമായി പോകുകയാണ്. കേരളത്തിൽ ജോലി സാധ്യതയില്ല. ജോലി ലഭിക്കാൻ മൂലധനം ഇറക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ല.
കോൺഗ്രസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്തതായി കെ.സുധാകരൻ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി ഫോർമുല രൂപകരിച്ചു. ഇതിന് അന്തിമ രൂപം നൽകാൻ മേയ് 9, 10 തീയതികളിൽ ചരൽക്കുന്നില്‍ അഖിലേന്ത്യാ നേതൃത്വം പങ്കെടുത്ത് ചിന്തൻ ശിബിരം നടത്തും. എല്ലാ ജനവിഭാഗങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്താൻ താഴേത്തട്ടു മുതലുള്ള നേതാക്കൾക്ക് നിർദേശം നൽകും. കോൺഗ്രസിനെ തകർക്കാൻ ബിജെപിയും സിപിഎമ്മും കൈകോർക്കുകയാമെന്ന് സുധാകരൻ ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രിയെ ഇഡി ചോദ്യം ചെയ്തു. എന്നാൽ, കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ഇഡി തയാറാകുന്നില്ല. എഐ ക്യാമറകളുടെ പിഴ നീട്ടാൻ തീരുമാനിച്ച സർക്കാർ നടപടിയെ സുധാകരൻ സ്വാഗതം ചെയ്തു.
English Summary: KPCC to conduct Yuva Sangamam