ADVERTISEMENT

തിരുവനന്തപുരം∙ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ ചരിത്രം നോക്കാതെ പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് കുറ്റപ്പെടുത്തി. പ്രശ്ന പരിഹാരത്തിന് യുഎൻ നിർദ്ദേശിച്ചിട്ടുള്ള ദ്വിരാഷ്ട്ര വാദം എന്ന ആശയം നടപ്പാക്കാനാണ് ഇന്ത്യ ആവശ്യപ്പെടേണ്ട തെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.


‘പശ്ചിമേഷ്യ വലിയ സംഘർഷ ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. അവിടെ സമാധാനം സ്ഥാപിക്കുക, മാനവികതയുടെ ശത്രു അധിനിവേശമാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. അവിടെ പലസ്തീൻ ജനതയ്ക്കു നേരെ കുടിയാൻ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ കടന്നാക്രമണം അവസാനിപ്പിക്കേണ്ടതുണ്ട്.’

‘മാത്രമല്ല, കടന്നാക്രമണം എന്നു പറയുമ്പോൾ പലസ്തീൻ നടത്തിയിട്ടുള്ള പ്രത്യാക്രമണവുമുണ്ട്. പ്രത്യാക്രമണം നടത്തേണ്ടിവന്ന ഒരു സാഹചര്യം ഇസ്രയേൽ വർഷങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സംഘർഷത്തിന്റെയെല്ലാം ഭാഗമായി നിരവധി ആളുകൾ, പ്രത്യേകിച്ചും കുട്ടികൾ കൊല ചെയ്യപ്പെടുകയാണ്. വളരെ ദാരുണമായ വാർത്തകളും ചിത്രങ്ങളുമാണ് ഈ പ്രദേശങ്ങളിൽനിന്ന് നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.’

‘അതുകൊണ്ട് ഈ സംഘർഷങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതുണ്ട്. ഈ സംഘർഷങ്ങൾ ഒഴിവാക്കാൻ യുഎൻ നേരത്തേ പ്രഖ്യാപിച്ച ദ്വിരാഷ്ട്ര വാദം എന്ന ആശയം അടിയന്തരമായി നടപ്പാക്കണം എന്നാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെടേണ്ടത്. പക്ഷേ, ദൗർഭാഗ്യവശാൽ ഇന്ത്യയുടെ പ്രധാനമന്ത്രി അവിടെയുള്ള സംഘർഷത്തിന്റെ ചരിത്രത്തെയൊന്നും കാണാതെ ഏകപക്ഷീയമായി ഇസ്രയേലിന് പിന്തുണ കൊടുത്ത നിർഭാഗ്യകരമായ സംഭവമൊക്കെ ഇവിടെ ഉണ്ടായി.’

‘യുഎൻ നേരത്തേ നിശ്ചയിച്ച സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് അടിയന്തരമായി അവിടെ സ്വീകരിക്കേണ്ടത്. ഹമാസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യാക്രമണത്തിന്റെ ഭാഗമായി സംഭവിക്കുന്ന കൊലപാതകങ്ങളും ന്യായീകരിക്കാൻ കഴിയുന്നതല്ല. പൊതുവിൽ സമാധാനം സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ഈ വിഷയത്തിൽ ഡിവൈഎഫ്ഐയുടെ നിലപാട്.’ – സനോജ് പറഞ്ഞു.

English Summary:

DYFI Criticises PM Narendra Modi For Supporting Israel In The Recent Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com