മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ആഡംബര ബസ് കേരളത്തിലേക്ക്; യാത്ര റജിസ്ട്രേഷൻ നമ്പർ മറച്ച്
Mail This Article
ബെംഗളൂരു∙ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിനു പോകുന്ന കെഎസ്ആർടിസി ബെൻസ് ലക്ഷ്വറി കോച്ച് കേരളത്തിലേക്കു പുറപ്പെട്ടു. ബെംഗളൂരുവിലെ ബോഡി ബില്‍ഡിങ് യാര്‍ഡില്‍ നിന്നാണ് ബസ് പുറപ്പെട്ടത്. ബെംഗളൂരുവിൽനിന്നു മൈസൂരു, സുള്ള്യ വഴിയാണ് കാസർകോട്ട് എത്തുന്നത്. ഇന്നു രാവിലെയാണ് മണ്ഡ്യയിലെ ഫാക്ടറിയില്‍നിന്നു ബസ് എത്തിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബസിന്റെ ബോഡി നിർമാണപവർത്തനങ്ങൾ. റജിസ്ട്രേഷന്‍ നമ്പര്‍ ഉൾപ്പെടെ മറച്ചുവച്ചാണ് കേരളത്തിലേക്കുള്ള യാത്ര.
ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെ വില. ബാക്കി തുക ബോഡി നിർമാണത്തിനും മറ്റു സൗകര്യങ്ങൾക്കുമാണ്. ബസിന് ചോക്‌ലേറ്റ് ബ്രൗൺ നിറമാണ് നൽകിയിരിക്കുന്നത്. കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് വെള്ള നിറമേ പാടുള്ളുവെങ്കിലും ഗതാഗതവകുപ്പിന്റെ നിർദേശപ്രകാരമാണ് ബ്രൗണ്‍ നിറം തിരഞ്ഞെടുത്തത്. 11 ലക്ഷം രൂപ വരുന്ന ബയോ ടോയ്‌ലറ്റ്, ഫ്രിജ്, മൈക്രോവേവ് അവ്‌ൻ, ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലം, വാഷ് ബെയ്സിൻ തുടങ്ങിയ സൗകര്യങ്ങളാണ് ബസിലുള്ളത്. ഏറ്റവും മുന്നിൽ എങ്ങോട്ടും തിരിക്കാവുന്ന പ്രത്യേക ഓട്ടമാറ്റിക് സീറ്റാണ് മുഖ്യമന്ത്രിക്കുള്ളത്.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും കൂടാതെ ചീഫ് സെക്രട്ടറിയും ബസിലുണ്ടാകും. മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ മറ്റു 2 സഹായികൾക്കു കെഎസ്ആർടിസി പരിശീലനം കൊടുത്തിട്ടുണ്ട്. ഡ്രൈവർമാരെ പ്രത്യേകം തിരഞ്ഞെടുത്തു പരിശീലിപ്പിച്ചു. ആദ്യമായാണ് കെഎസ്ആർടിസി ബെൻസ് ബസ് ഇറക്കുന്നത്. ബെൻസിനെക്കാൾ വിലയുള്ള വോൾവോ ബസ് കെഎസ്ആർടിസിക്കുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മണ്ഡലങ്ങളിൽ നേരിട്ടെത്തുന്ന നവകേരള സദസ്സ് 18നു മഞ്ചേശ്വരം മണ്ഡലത്തിലാണ് തുടങ്ങുക. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്തു സമാപിക്കും. ജില്ലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. നവകേരള സദസ്സ് കഴിയുന്നതു വരെയുള്ള മന്ത്രിസഭാ യോഗങ്ങൾ മറ്റു ജില്ലകളിലാണു ചേരുക. ഈ മാസം 22നു തലശ്ശേരിയിലും 28നു വള്ളിക്കുന്നിലും ഡിസംബർ ആറിനു തൃശൂരിലും 12നു പീരുമേട്ടിലും 20നു കൊല്ലത്തുമാണ് മന്ത്രിസഭാ യോഗങ്ങൾ.