മ്യാൻമർ സൈനികർ കൂട്ടത്തോടെ മിസോറമിലേക്ക്; ഇടപെട്ട് കേന്ദ്രസർക്കാർ; അമിത് ഷായുമായി അടിയന്തര ചർച്ച
Mail This Article
ഗുവാഹത്തി∙ മ്യാൻമറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ നൂറുകണക്കിനു മ്യാൻമർ സൈനികർ അഭയം തേടി ഇന്ത്യൻ അതിർത്തിയിലേക്ക്. അതിർത്തി സംസ്ഥാനമായ മിസോറമിലേക്കാണ് മ്യാൻമർ സൈനികരുടെ കുടിയേറ്റം. ഇതു സംബന്ധിച്ച് മിസോറം സർക്കാർ കേന്ദ്രസർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചു. മ്യാൻമർ സൈനികരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രൂക്ഷമായ ഏറ്റുമുട്ടലിനിടെ 600 മ്യാൻമർ സൈനികർ ഇന്ത്യയിലേക്കു കടന്നതായാണ് വിവരം. പടിഞ്ഞാറൻ മ്യാൻമർ സംസ്ഥാനമായ റാഖൈനിലെ വംശീയ സായുധ സംഘമായ അരാകൻ ആർമി (എഎ) പ്രവർത്തകൾ പട്ടാള ക്യാംപുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് അവർ മിസോറമിലെ ലോങ്‌ട്‌ലായ് ജില്ലയിലേക്ക് എത്തുകയായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈനികർക്ക് അസം റൈഫിൾസ് ക്യാംപിൽ അഭയം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ഷില്ലോങ്ങിൽ നടന്ന വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിനിടെ മിസോറം മുഖ്യമന്ത്രി ലാൽഡുഹോമയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ അടിയന്തര ചർച്ച നടന്നു. സംസ്ഥാനത്ത് അഭയം പ്രാപിച്ച മ്യാൻമർ സൈനികരെ വേഗത്തിൽ തിരിച്ചയക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. പ്ലീനറി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.
‘‘മ്യാൻമറിൽനിന്ന് ആളുകൾ നമ്മുടെ രാജ്യത്തേക്ക് അഭയം തേടി എത്തുകയാണ്. മാനുഷിക പരിഗണനയുടെ പേരിൽ ഞങ്ങൾ അവരെ സഹായിക്കുന്നുണ്ട്. മ്യാൻമറിലെ പട്ടാളക്കാർ അഭയം തേടി വരുന്നത് തുടരുകയാണ്. കുറച്ചുപേരെ ഞങ്ങൾ വിമാനമാർഗം തിരിച്ചയച്ചിരുന്നു. 450ഓളം സൈനികരെ തിരിച്ചയച്ചു.’’– മുഖ്യമന്ത്രി ലാൽഡുഹോമ പറഞ്ഞു.