വീട്ടുജോലിക്കാരിയെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു; ക്രൂരമര്‍ദനം; ഡിഎംകെ എംഎൽഎയുടെ മകനും മരുമകൾക്കുമെതിരെ കേസ്

Mail This Article
ചെന്നൈ ∙ വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഡിഎംകെ എംഎൽഎയുടെ മകനും മരുമകൾക്കുമെതിരെ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടെ 4 വകുപ്പുകളിലായി കേസെടുത്തു. പല്ലാവരം എംഎൽഎ ഐ.കരുണാനിധിയുടെ മകൻ ആന്റോ മണിവണൻ, മരുമകൾ മെർലിന എന്നിവർക്കെതിരെയാണ് കേസ്. പരുക്കേറ്റ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ (18) ആശുപത്രിയിൽ ചികിത്സ തേടി.
രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. 12–ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്. ദലിത് പെൺകുട്ടിയെ എംഎൽഎയുടെ മകനും മരുമകളും ചേർന്ന് മർദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊങ്കലിനായി വീട്ടിലെത്തിയപ്പോഴാണു പെൺകുട്ടി നേരിട്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.
തുടർന്ന് ഉളുന്ദൂർപ്പെട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു തിരുവാൺമിയൂർ പൊലീസാണ് കേസെടുത്തത്.
അതേസമയം, തനിക്കു സംഭവത്തിൽ പങ്കില്ലെന്നും നടപടിയുമായി പൊലീസിനു മുന്നോട്ടുപോകാമെന്നും കരുണാനിധി എംഎൽഎ പറഞ്ഞു.