ലോകത്തെവിടെയും ഭാരതീയരെ സുരക്ഷിതരാക്കുക എന്നത് മോദി സർക്കാരിന്റെ ഗാരന്റി: ജാവഡേക്കർ
Mail This Article
തിരുവനന്തപുരം ∙ ഖത്തറിൽനിന്നു ജയിൽ മോചിതനായ മുൻ നാവികനെ സന്ദർശിച്ച് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും. ബാലരാമപുരം താന്നിവിള ഇളമാനൂര്‍ക്കോണം സ്വദേശി രാഗേഷ് ഗോപകുമാറിനെയാണ് നേതാക്കൾ സന്ദർശിച്ചത്. നാവികർ ഖത്തറിൽ ജയിലിൽ കിടന്നപ്പോൾ 140 കോടി ജനങ്ങൾ അവർക്കായി പ്രാർഥിച്ചിരുന്നെന്നും, നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഈ വിജയമെന്നും ജാവഡേക്കർ പറഞ്ഞു.
Readmore:ഇത് രണ്ടാം ജന്മം, മോചനം സാധ്യമാക്കിയ എല്ലാവരോടും നന്ദി: ഖത്തറിൽനിന്ന് തിരിച്ചെത്തിയ രാഗേഷ് ഗോപകുമാർ
‘‘ലോകത്തിന്റെ ഏതു ഭാഗത്തുള്ളതായാലും ഭാരതീയരെ സുരക്ഷിതരാക്കുകയെന്നത് മോദി സർക്കാരിന്റെ ഗാരന്റിയാണ്. ഇതിനു മുൻപും ലോകത്തിന്റെ പല ഭാഗത്തുനിന്നും പല പരീക്ഷണഘട്ടത്തിലും ഭാരതീയരെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. മോദിയുടെ ഭരണത്തിൽ ഇന്ത്യക്കാർക്ക് എല്ലാ സ്ഥലത്തും ബഹുമാനം ലഭിക്കുന്നുണ്ട്’’– കെ.സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ഒപ്പമുണ്ടായിരുന്നു.
ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യക്കാരെ കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അൽതാനിയുടെ നിർദേശം അനുസരിച്ച് മോചിപ്പിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് മോചിപ്പിക്കപ്പെട്ടവർ ഡൽഹിയിലെത്തിയത്. ഇന്ത്യൻ നാവിക സേനയിൽനിന്നും വിരമിച്ചശേഷം ദോഹയിലെ സൈനിക പരിശീലന കമ്പനിയിൽ പ്രവർത്തിച്ചിരുന്ന 8 പേരും 2022 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്നായിരുന്നു കേസ്. ഇവരുടെ വധശിക്ഷ ഡിസംബറിൽ ഇളവു ചെയ്തിരുന്നു.