‘ഐഎംഎയുടെ ആസ്ഥാനമന്ദിരം വമ്പൻ ബിസിനസ് ഹോട്ടൽപോലെ, നികുതി ഇളവിന് അർഹതയില്ല’: ജിഎസ്ടി വകുപ്പ്
Mail This Article
കൊച്ചി∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരം വമ്പൻ ബിസിനസ് ഹോട്ടൽ പോലെയുണ്ടെന്നു ജിഎസ്ടി വകുപ്പ്. ഡോക്ടർമാരുടെ ക്ഷേമാർഥമുള്ള ക്ലബ് റജിസ്ട്രേഷനാണ് ഐഎംഎയ്ക്കുള്ളത്. എന്നാൽ ഒരു ബിസിനസ്–വാണിജ്യ സ്ഥാപനം എന്ന രീതിയിലാണ് ഐഎംഎ പ്രവർത്തിക്കുന്നതെന്നും അതുകൊണ്ടു നികുതി ഇളവിന് അർഹതയില്ലെന്നുമാണ് കേന്ദ്ര ജിഎസ്ടി വകുപ്പ് സമർപ്പിച്ചിരിക്കുന്ന മറുപടി സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്.
Read Also: നിയമ വിദ്യാർഥിനിക്ക് മർദനം: ഡിവൈഎഫ്ഐ നേതാവിനെ കോളജിൽനിന്ന് പുറത്താക്കി
ഐഎംഎയുടെ ആസ്ഥാന മന്ദിരത്തോടു ചേർന്നുള്ള ബാറിൽനിന്നു പുറത്തേക്ക് മദ്യം വിറ്റെന്ന് ആരോപിച്ച ജിഎസ്ടി വകുപ്പ് ബിയറിന്റെയും ഇതുകൊണ്ടുപോകാനുള്ള കവറിന്റെയും ബില്ലും കോടതിയിൽ സമർപ്പിച്ചു. ഐഎംഎയും ജിഎസ്ടി വകുപ്പുമായി ഏറെക്കാലമായി നികുതിയെ ചൊല്ലി തർക്കം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കേസ് കോടതിയിലെത്തിയത്.
ഐഎംഎയുടെ കൊച്ചി ആസ്ഥാനത്ത് അപാർട്മെന്റുകൾ, കോൺഫറൻസ് ഹാൾ, സ്യൂട്ട് റൂം, വിദേശമദ്യം വിൽക്കുന്നതിനുള്ള ലൈസന്‍സ് ഉള്ള ബാർ തുടങ്ങിയവ ഉണ്ടെന്ന് ജിഎസ്ടി വകുപ്പ് പറയുന്നു. ഒന്നര ലക്ഷം ചതുരശ്ര അടിയുള്ള ഈ മന്ദിരത്തിൽ 85 സ്റ്റുഡിയോ അപാർട്മെന്റുകളുണ്ട്. ഡോക്ടർമാരല്ലാത്തവർക്കും ക്ലബിൽ അംഗമല്ലാത്തവർക്കും ഇവിടുത്തെ ക്ലബിൽ അംഗത്വം നൽകിയിരിക്കുന്നു എന്നും ജിഎസ്ടി വകുപ്പ് ആരോപിക്കുന്നു.
നിരവധി ഉൽപന്നങ്ങൾക്കു തങ്ങളുടെ ലോഗോ ഉപയോഗിക്കാൻ ഐഎംഎ അനുമതി നൽകിയിട്ടുണ്ടെന്നും കോടികൾ ഇതിനു പ്രതിഫലം വാങ്ങുന്നുണ്ടെന്നും മറുപടി സത്യവാങ്മൂലം പറയുന്നു. ഇങ്ങനെ ചെയ്യാൻ ഐഎംഎയ്ക്ക് അനുമതി ഇല്ല എന്നു മാത്രമല്ല, ഇത്തരത്തിൽ പ്രതിഫലം വാങ്ങുന്നവർ നികുതി ഇളവിന് എതിരുമല്ലെന്ന് ജിഎസ്ടി വകുപ്പ് പറയുന്നു.