ADVERTISEMENT

തിരുവനന്തപുരം ∙ ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ പ്രാർഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്‌റ് (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റമസാന്‍ 27-ാം രാവിലാണു വിശ്വാസി ലക്ഷങ്ങളുടെ ആത്മീയ കൂട്ടായ്മ. ആത്മീയ-വൈജ്ഞാനിക-കാരുണ്യരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങൾ നടത്തുന്ന മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയാണു വര്‍ഷങ്ങളായി ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന ഈ രാത്രിയില്‍ രാജ്യത്തുതന്നെ ഏറ്റവുമധികം വിശ്വാസികള്‍ ഒരുമിച്ചുകൂടുന്ന പ്രാര്‍ത്ഥനാവേദിയാണിത്.

മഅ്ദിന്‍ ക്യാംപസില്‍ എല്ലാമാസവും സംഘടിപ്പിക്കുന്ന സ്വലാത്ത് പ്രാർഥനാ സംഗമത്തിന്റെ വാര്‍ഷികം കൂടിയാണു റമസാന്‍ പ്രാര്‍ഥനാ സമ്മേളനം. മഅ്ദിൻ അക്കാദമിയിൽ റമസാന്‍ ഒന്നു മുതല്‍ തന്നെ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങളുമായി റമസാന്‍ ക്യാംെപയ്ന്‍ ആരംഭിച്ചിട്ടുണ്ട്. ആത്മീയ വേദികള്‍, വൈജ്ഞാനിക സദസ്സുകള്‍, റിലീഫ്, പഠന ക്യാംപുകള്‍, ഇഫ്താര്‍ സംഗമങ്ങള്‍, ഓണ്‍ലൈന്‍ സമ്മേളനങ്ങൾ, അനുസ്മരണ വേദികള്‍ എന്നിവ നടന്നുവരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പ്രാർഥനാ സമ്മേളനത്തില്‍ സംഗമിക്കാനെത്തും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസല്യാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാർഥന നടത്തും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസല്യാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും. പ്രാർഥനാ സമ്മേളനത്തിനെത്തുന്നവര്‍ക്ക് സ്വലാത്ത് നഗറില്‍ സമൂഹ ഇഫ്താര്‍ ഒരുക്കും. രാജ്യത്തുതന്നെ ഏറ്റവുമധികം പേര്‍ ഒരുമിക്കുന്ന നോമ്പുതുറയായിരിക്കും ഇത്. സമഭാവനയുടെ സന്ദേശം നല്‍കുന്ന ഇഫ്താര്‍ പൂര്‍ണമായും ഹരിത നിയമാവലി പാലിച്ചായിരിക്കും സജ്ജീകരിക്കുക. ഇഫ്താറിന് ശേഷം തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, തറാവീഹ്, വിത്റ് നിസ്‌കാരം എന്നിവ മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദ്, ഓള്‍ഡ് മസ്ജിദ്, പ്രധാന ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.

രാത്രി ഒൻപതിന് മുഖ്യവേദിയില്‍ പ്രാർഥനാ സമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാർഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടെയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാർഥന എന്നിവ നടക്കും. സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും തയാറാക്കി. പൊലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ വിങ് ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്‌ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിക്കും. ഇവിടങ്ങളിലെല്ലാം നോമ്പുതുറ, അത്താഴ സൗകര്യങ്ങളും ഏർപ്പെടുത്തും. മഅ്ദിന്‍ വെബ് സൈറ്റ് വഴി വെബ്കാസ്റ്റിനുള്ള സംവിധാനങ്ങളുണ്ടാകും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും ഒരുക്കും.

ഭരണകൂടത്തിന്റെയും പൊലീസിന്റെയും സഹകരണത്തോടെയാണു ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അടിയന്തരാവശ്യങ്ങള്‍ക്കു സൂപ്പർ സ്പെഷാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് നഗരിയില്‍ ക്യാംപ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്സിന്റെയും 5555 അംഗ വൊളന്റിയര്‍ കോറിന്റെയും സേവനവുമുണ്ടാകും. പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 1ന് രാവിലെ 9 മുതല്‍ പൈതൃക യാത്ര സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകിട്ട് 4ന് പതാക ഉയര്‍ത്തലിന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് ജല്‍സതുല്‍ ബറക സദസ്സ്. ബുധനാഴ്ച വൈകിട്ട് 4ന് വൊളന്റിയേഴ്സ് സംഗമവും ഇഫ്താര്‍ മീറ്റും. വ്യാഴാഴ്ച ഉച്ചയ്ക്ക് 3ന് വിഭവ സമാഹരണ യാത്രയ്ക്ക് സ്വീകരണം. വെള്ളിയാഴ്ച വൈകിട്ട് 4ന് പ്രാർഥനാ സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

പരിപാടിയുടെ സംഘാടകരായ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ബിഫാം, എംബിഎ, ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം, സ്ത്രീകള്‍ക്ക് പ്രത്യേകമായി ക്യൂ ലാന്റ് ഖുര്‍ആന്‍ പഠനകേന്ദ്രം, ഹിയ അക്കാദമി, ഷീ ക്യാംപസ്, ദാറു സഹ്റ, സയന്‍സ് സെന്റര്‍, ഓര്‍ഫനേജ്, കാഴ്ച-കേള്‍വി പരിമിതര്‍, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഏബ്ള്‍ വേള്‍ഡ്, ലഹരി മുക്തി കേന്ദ്രം, ലൈഫ് ഷോര്‍ തെറപ്പി സെന്റര്‍ തുടങ്ങി 51 സ്ഥാപനങ്ങളിലായി 30,000 വിദ്യാർഥികള്‍ പഠിക്കുന്നുണ്ട്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന്റെ ന്യൂനപക്ഷ പദവിയും ഓസ്ട്രേലിയ, യുകെ, മലേഷ്യ, സ്പെയിന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത യൂണിവേഴ്സിറ്റികളുടെയും അക്കാദമിക് സ്ഥാപനങ്ങളുടെയും സഹകരണവുമുണ്ട്.

പ്രാർഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തി. ഫോണ്‍: 9645338343, 9633677722. വെബ്സൈറ്റ്: madin.edu.in. തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർമാരായ പ്രഫ. എ.കെ.അബ്ദുല്‍ ഹമീദ്, സിദ്ധീഖ് സഖാഫി നേമം, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

English Summary:

The country's biggest Ramadan prayer meeting will be held April 6 at Malappuram.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com