ഫെഡറല്‍ ബാങ്കിന്‍റെ പുതിയ എംഡി: 3 പേരുടെ പട്ടിക റിസര്‍വ് ബാങ്കിന്, കൂടുതല്‍ സാധ്യത കെ.വി.എസ്. മണിയന്‍
Mail This Article
കൊച്ചി∙ ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് പുതിയ മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കാനായി 3 പേരുടെ പട്ടിക റിസര്‍വ് ബാങ്കിനു കൈമാറി. കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ മുന്‍ ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ കൃഷ്ണന്‍ വെങ്കട് സുബ്രഹ്മണ്യന്‍ എന്ന കെ.വി.എസ് മണിയന്‍, ഫെഡറല്‍ ബാങ്കിന്‍റെ തന്നെ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശാലിനി വാര്യര്‍, ഹര്‍ഷ് ദുഗ്ഗര്‍ എന്നിവരാണു ചുരുക്കപ്പട്ടികയിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2010 മുതല്‍ ഫെഡറല്‍ ബാങ്കിന്‍റെ എംഡി ആന്‍ഡ് സിഇഒ സ്ഥാനത്ത് തുടരുന്ന ശ്യാം ശ്രീനിവാസന്‍റെ പ്രവര്‍ത്തന കാലാവധി ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് അവസാനിക്കും. ശ്യാം ശ്രീനിവാസന് ഒരുവര്‍ഷം കൂടി കാലാവധി നീട്ടിനല്‍കണമെന്ന് ഫെഡറല്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കഴിഞ്ഞ ജനുവരിയില്‍ ആവശ്യം റിസര്‍വ് ബാങ്ക് നിരസിച്ചു. റിസര്‍വ് ബാങ്കിന്‍റെ ചട്ടപ്രകാരം തുടര്‍ച്ചയായി 15 വര്‍ഷമേ പദവി വഹിക്കാനാകൂ. കുറഞ്ഞത് മൂന്ന് പേരുകളുള്ള പട്ടിക സമര്‍പ്പിക്കാനും ഫെഡറല്‍ ബാങ്കിനോടു റിസര്‍വ് ബാങ്ക് ആവശ്യപ്പെടുകയായിരുന്നു.
സാധ്യത കെവിഎസിന്
കൊട്ടക് മഹീന്ദ്ര ബാങ്കിലെ മൂന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിനു വിരാമമിട്ട് കഴിഞ്ഞ ഏപ്രില്‍ 30ന് കെ.വി.എസ്. മണിയന്‍ രാജിവച്ചിരുന്നു. മുഴുവന്‍-സമയ (ഹോള്‍ടൈം) ഡയറക്ടര്‍, ജോയിന്‍റ് മാനേജിങ് ഡയറക്ടര്‍ പദവികള്‍ വഹിക്കവേയായിരുന്നു രാജി. ബാങ്കിങ് രംഗത്ത് പുതിയ അവസരങ്ങള്‍ തേടുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ രാജിയെന്ന് ഇതോടനുബന്ധിച്ച് സ്റ്റോക്ക് എക്സ്‍ചേഞ്ചുകള്‍ക്കു സമര്‍പ്പിച്ച കത്തില്‍ കൊട്ടക് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഫെഡറല്‍ ബാങ്കിന്‍റെ എംഡിയായി അദ്ദേഹത്തിന് നറുക്ക് വീണേക്കുമെന്ന സാധ്യതകള്‍ ശക്തമായത്.
ഓഹരികള്‍ നേട്ടത്തില്‍
ഫെഡറല്‍ ബാങ്കിന്‍റെ ഓഹരിവില ഇന്ന് വ്യാപാരത്തിനിടെ 52-ആഴ്ചത്തെ (കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വില) ഉയരം തൊട്ടു. 174.56 രൂപവരെ ഇന്നുയര്‍ന്ന ഓഹരി, ഇപ്പോഴുള്ളത് 3.71 ശതമാനം നേട്ടവുമായി 173.80 രൂപയില്‍. 42,498 കോടി രൂപ (എന്‍എസ്ഇയിലെ കണക്കുപ്രകാരം) വിപണിമൂല്യമുള്ള സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. 38 ശതമാനമാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ബാങ്കിന്‍റെ ഓഹരി നല്‍കിയ നേട്ടം (റിട്ടേണ്‍). കഴിഞ്ഞ ഒരുമാസത്തെ നേട്ടം 8.9 ശതമാനവും.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)