‘നടിമാർ പ്രശസ്തരായത് വീട്ടുവീഴ്ച ചെയ്തെന്ന് പറയും; ഇഴുകി അഭിനയിക്കുന്നവർ പുറത്തും തയാറാകുമെന്ന് കരുതുന്നു’
Mail This Article
തിരുവനന്തപുരം∙ ചില പ്രശസ്ത നടിമാരെ ചൂണ്ടിക്കാട്ടി ഇവരെല്ലാവരും സിനിമയിൽ മുന്നേറിയതും പണം സമ്പാദിച്ചതും വിട്ടുവീഴ്ച ചെയ്തിട്ടാണെന്ന് പറയാറുണ്ടെന്ന് നടിമാർ മൊഴി നൽകിയതായി ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇത് ചൂണ്ടിക്കാട്ടി സിനിമാ മേഖലയിലെ പുരുഷൻമാർ വിട്ടുവീഴ്ചയ്ക്ക് പലരോടും ആവശ്യപ്പെടുന്നു.
സിനിമാ മേഖലയിലേക്ക് എത്തുമ്പോൾ തന്നെ ചൂഷണം തുടങ്ങുന്നു. അവസരം വാഗ്ദാനം ചെയ്യുന്ന പ്രൊഡക്‌ഷൻ കൺട്രോളർമാർ ഉൾപ്പെടെയുള്ളവർ ഏത് വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്ന് നടിമാരോട് നിർദേശം കൊടുക്കാറുണ്ട്. വീട്ടുവീഴ്ച, ഒത്തുതീർപ്പ് എന്നീ വാക്കുകൾ മലയാള സിനിമാ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പരിചിതം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയാറായിരിക്കണം എന്നാണ് നൽകുന്ന സന്ദേശം.
ഇഴുകിച്ചേർന്നുള്ള രംഗങ്ങളിൽ അഭിനയിക്കാൻ തയാറാകുന്ന നടിമാർ സിനിമയ്ക്കു പുറത്തും അതിന് തയാറാകുമെന്നു ചിലർ കരുതുന്നു. ചില പുരുഷന്മാർ ഇവരോട് നിരന്തരം ലൈംഗികാവശ്യം ഉന്നയിച്ച് പിന്നാലെ നടക്കുന്നു. ആവശ്യം നിഷേധിച്ചാലും കൂടുതൽ അവസരം നൽകുമെന്നുൾപ്പെടെ വാഗ്ദാനം നൽകി പിന്നാലെ കൂടുന്നു. പുതുമുഖ താരങ്ങളടക്കം ചിലരെങ്കിലും ഈ വാഗ്ദാനങ്ങളിൽ വീഴുന്നുവെന്നും അവർ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.