നഗ്നത പകർത്താൻ നിർബന്ധിക്കുന്നെന്ന് നടി; കൂടുതൽ വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്
Mail This Article
നഗ്നത പകർത്താൻ നിർബന്ധിക്കുന്നെന്ന് നടിയുടെ മൊഴി. കരാർ ലംഘിച്ചാണ് ഇത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാൻ തയാറാകുന്നവർ സിനിമയ്ക്ക് പുറത്തും അതിനു തയാറാകുമെന്നാണ് സിനിമയിലെ ഭൂരിപക്ഷം പുരുഷന്മാരും കരുതുന്നതെന്ന് നടിമാർ പറയുന്നു. അതിനാൽ പലരും പരസ്യമായി തന്നെ ലൈംഗിക ആവശ്യങ്ങൾക്ക് നിർബന്ധിക്കാറുണ്ട്. സിനിമയിലെത്തുന്ന പുതുമുഖങ്ങളെ അവരുടെ സമ്മതം പോലുമില്ലാതെ ഇത്തരത്തിൽ ചൂഷണം ചെയ്യാറുണ്ടെന്നും നടിമാരുടെ മൊഴിയിൽ പറയുന്നു.
സിനിമയിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നവർ ചില വിഡിയോ ക്ലിപ്പുകളും ഓഡിയോക്ലിപ്പുകളും വാട്ട്സാപ്പ് സന്ദേശങ്ങളും ഹേമ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയിരുന്നു, ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്തില്ലെങ്കിൽ സിനിമയിൽ അവസരം നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും പലരും വെളിപ്പെടുത്തി.
പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങളുണ്ട്. മിനിമം വേതനം പോലും സിനിമയിൽ ഉറപ്പാക്കുന്നില്ല. പക്ഷേ പ്രത്യാഘാതങ്ങള്‍ ഭയന്ന് നിശബ്ദരായിരിക്കേണ്ട നിസഹായവസ്ഥയിലാണ്. കുടുംബാംഗങ്ങള്‍ പോലും ആക്രമത്തിന് ഇരയാവുമെന്ന് ഭയപ്പെടുന്നു. എന്നാൽ ഇത്തരക്കാർ ന്യൂനപക്ഷമാണെന്നാണ് ഹേമ കമ്മിറ്റിക്കു മുൻപിൽ മൊഴി നൽകിയ സിനിമാപ്രവർത്തകരായ ചില പുരുഷന്മാരുടെ അഭിപ്രായം.
ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ 233 പേജുകൾ വിവരാവകാശ നിയമപ്രകാരം സർക്കാർ പുറത്തുവിട്ടിരുന്നു. ഉച്ചയ്ക്കു രണ്ടരയോടെയാണു വിവരങ്ങൾ പുറത്തുവിട്ടത്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ജൂലൈ 5നു നൽകിയ ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായാണു നടപടി.
ജൂലൈ 25നു മുൻപ് റിപ്പോർട്ട് പുറത്തുവിടാനാണ് കമ്മിഷൻ നിർദേശിച്ചതെങ്കിലും ഹൈക്കോടതിയിൽ വന്ന ഹർജികളെ തുടർന്നു നടപടികൾ നീണ്ടുപോയി. റിപ്പോർട്ട് ലഭിക്കാൻ കമ്മിഷന് അപ്പീലും പരാതിയും നൽകിയവരുമായ 5 പേർക്കും കൂടാതെ പിന്നീട് അപ്പീൽ നൽകിയവരായ 12 പേർക്കുമാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ അർഹതയുണ്ടായിരുന്നത്. മുൻപു സാംസ്കാരിക വകുപ്പിൽ അപ്പീൽ നൽകിയിട്ടും റിപ്പോർട്ട് ലഭിക്കാത്തവരാണ് കമ്മിഷന് മുൻപിൽ പരാതി നൽകിയത്.