തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരായ ഹർജി: വിഷയം പരിശോധിക്കേണ്ടത് വിദഗ്ധർ എന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ തോട്ടപ്പള്ളി സ്പിൽവേയിലെ കരിമണൽ നീക്കത്തിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്ക് പരിശോധിക്കാമെന്ന് ഹൈക്കോടതി. തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴിയിൽനിന്ന് ആണവ ധാതുക്കൾ അടങ്ങിയ കരിമണൽ നീക്കം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്തംഗവും ബിജെപി നേതാവുമായ ഷോൺ ജോർജ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ചീഫ് സെക്രട്ടറി പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിക്കു കൈമാറാനാണ് നിർദേശം. മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരുന്നു ഷോൺ ജോർജിന്റെ ഹർജി.
2018, 2019ലെ പ്രളയ സാഹചര്യത്തിൽ മണൽനീക്കം ചെയ്യാൻ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ കലക്ടറിട്ട ഉത്തരവിന്റെ മറവിൽ അനധികൃതമായി ധാതു മണൽ നീക്കം ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഷോൺ ജോർജ് കോടതിയെ സമീപിച്ചത്. നേരത്തെ ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഷോണിന്റെ ഹർജി നിവേദനമായി പരിഗണിച്ച് ചീഫ് സെക്രട്ടറിയും വകുപ്പു സെക്രട്ടറിയും തീരുമാനമെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
അന്നത്തെ സാഹചര്യത്തിൽ മാത്രം ബാധകമായ ഉത്തരവായിരുന്നെന്നും എന്നാൽ കാലാകാലങ്ങളിൽ ഉത്തരവ് പുതുക്കുകയാണെന്നും ഇതിന്റെ മറവിൽ ലൈസൻസില്ലാതെ കെഎംഎംഎൽ, ഐആർഇഎൽ എന്നിവർക്ക് ആണവ ധാതുക്കൾ ഉൾപ്പെടെ ഖനനം ചെയ്യാൻ അനുമതി നൽകുകയാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ വിഷയം പരിശോധിക്കേണ്ടത് വിദഗ്ധരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തീര്‍പ്പാക്കുകയായിരുന്നു.