ADVERTISEMENT

തിരുവനന്തപുരം ∙ ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവൻ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

  • Also Read

Read more at: എഴുത്തിന്റെ കുലപതിക്കു വിട; ഇനി എംടി ഇല്ലാത്ത മഞ്ഞുകാലം...

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അർഥവത്താണ്. അതു ജീവിതം കൊണ്ടു തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

അറിയാത്ത അദ്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ കണ്‍മുന്നില്‍ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌കരിച്ച, ആത്മസംഘര്‍ഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവുകോലില്ലാതെ അടയാളപ്പെടുത്തിയ എംടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു. ‘വടക്കന്‍ വീരഗാഥ’യിലെ ചന്തുവിനെ കണ്ട ശേഷമാണ്, വില്ലന്‍മാരെന്ന് സമൂഹം മുദ്രകുത്തിയവരെ കുറിച്ച് ഞാന്‍ മാറി ചിന്തിച്ച് തുടങ്ങിയത്. ‘നിര്‍മാല്യ’ത്തിലെ വെളിച്ചപ്പാട് ഭയപ്പെടുത്തി. ‘സദയ’ത്തിലെ സത്യനാഥന്‍ അസ്വസ്ഥനാക്കി. ‘സുകൃത’ത്തിലെ രവിശങ്കര്‍ നോവായി മനസ്സില്‍ നിന്നു. ‘പരിണയ’ത്തിലെ ഉണ്ണിമായ അന്തര്‍ജനത്തിന്റെ നിസഹായാവസ്ഥ പിടിച്ചുലച്ചു. 

എംടിയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ്. മനുഷ്യനെയും പ്രകൃതിയെയും ഉള്‍പ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങള്‍ക്ക് തന്നതിനു നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടുംവീണ്ടും കരുത്താര്‍ജിക്കാനുള്ള വിഭവങ്ങള്‍ അങ്ങുതന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം. ‘മരണം പിറവി പോലെ തന്നെ ജീവിതത്തിലൊരു പ്രധാന ചടങ്ങാണ്, ആഘോഷമാണ്’–  ‘സ്വര്‍ഗം തുറക്കുന്ന സമയ’ത്തില്‍ എംടി ഇങ്ങനെ പറയുന്നു. പക്ഷേ, ഈ വിയോഗം ഞങ്ങളെ അനാഥമാക്കുന്നു. ദുഃഖം ഘനീഭവിക്കുന്നു. സങ്കടം കടലാകുന്നു.

English Summary:

Remembering M.T. Vasudevan Nair: M.T. Vasudevan Nair, a literary legend, profoundly impacted Malayalam language and culture. V.D. Satheesan's tribute highlights MT's unwavering voice and his enduring legacy on Kerala's cultural history.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com