പൊലീസ് റിപ്പോർട്ട് തള്ളി പരോൾ; വിസ്മയ കേസ് പ്രതി കിരൺ പുറത്തിറങ്ങും
Mail This Article
കൊല്ലം∙ സ്ത്രീധന പീഡനത്തെത്തുടർന്നു ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്.കിരൺകുമാറിന് പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമതു നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീടാണ് ജയിൽ മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോൾ അനുവദിച്ചത്.
നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ (സീ വില്ല) കെ.ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയ 2021 ജൂൺ 21നാണു ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. 2020 മേയ് 30 നായിരുന്നു പോരുവഴി ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാറുമായുള്ള വിവാഹം. 2022 മേയിൽ കോടതി കിരണിനെ പത്തുവർഷം തടവിനു ശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 10 വർഷം ജയിലിൽ കിടന്നാൽ മതി.