വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി: കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ

Mail This Article
ന്യൂഡൽഹി∙ ബലാത്സംഗക്കേസിൽ ഉത്തർപ്രദേശിലെ കോൺഗ്രസ് ലോക്സഭാംഗം രാകേഷ് റാത്തോഡ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിതാപുരിൽനിന്നുള്ള ലോക്സഭാ എംപിയാണ് രാകേഷ്. വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ നാലു വർഷമായി തന്നെ പീഡനത്തിന് ഇരയാക്കിയെന്ന സ്ത്രീയുടെ പരാതിയിലാണ് ജനുവരി 17ന് രാകേഷിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
തനിക്ക് രാഷ്ട്രീയ പ്രവേശനവും രാകേഷ് വാഗ്ദാനം ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. ഇരുവരുടെയും ഫോൺ കോൾ സംഭാഷണങ്ങളുടെ വിവരങ്ങളും യുവതി കൈമാറി. കേസ് ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവും കഴിഞ്ഞ ആഴ്ച രാകേഷിനും അദ്ദേഹത്തിന്റെ മകനും എതിരെ മറ്റൊരു പരാതിയും നൽകിയിരുന്നു.
രാകേഷ് റാത്തോഡിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ അലഹബാദ് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്. സിതാപുരിലെ ജനപ്രതിനിധി കോടതി ഈ മാസം 23ന് രാകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. കോൺഗ്രസിൽ ചേരുന്നതിനു മുൻപ് ബിജെപി സ്ഥാനാർഥിയായും സ്വതന്ത്രനായും നിയമസഭാ തിരഞ്ഞെടുപ്പിൽ രാകേഷ് മത്സരിച്ചിട്ടുണ്ട്.