ADVERTISEMENT

തിരുവനന്തപുരം∙ ബാലരാമപുരത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ കൂടി കസ്റ്റഡിയില്‍ എടുത്തു. കരിക്കകം സ്വദേശിയായ ശംഖുമുഖം ദേവീദാസന്‍ എന്ന ആളെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസിലേക്കു മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവുമായി മതപരമായ വിഷയങ്ങളില്‍ ഉള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ദേവീദാസനെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തത്.

പാരലല്‍ കോളജ് അധ്യാപകനായിരുന്ന പ്രദീപ് കുമാര്‍ പിന്നീട് എസ്.പി.കുമാര്‍ എന്ന പേരില്‍ കാഥികനായെന്നും പിന്നീട് ശംഖുമുഖം ദേവീദാസന്‍ എന്ന പേരില്‍ മന്ത്രവാദിയും ജ്യോതിഷിയുമായി മാറുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ശ്രീതു സ്ഥലം വാങ്ങാനായി 30 ലക്ഷം രൂപ ഗുരുവായ മന്ത്രവാദിക്കു നല്‍കിയെന്നും ഈ പണം തട്ടിച്ചതായി പേട്ട സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ദേവീദാസനെ കസ്റ്റഡിയില്‍ എടുത്ത് ബാലരാമപുരം സ്‌റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നത്.

കേസില്‍ അറസ്റ്റിലായ ഹരികുമാര്‍ ഇത്തരത്തില്‍ ഒരു മന്ത്രവാദിയുടെ സഹായിയായി പോയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദേവേന്ദുവിനെ കാണാതായ സമയത്ത് ഹരികുമാറിന്റെ മുറിയ്ക്കുള്ളില്‍ തീ കത്തിച്ചതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ദേവേന്ദുവിന്റെ അമ്മ ശ്രീതു മതപരമായ പൂജകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ക്കു പോകുകയും ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചത്.

കൊലപാതകത്തില്‍ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭര്‍ത്താവ് ശ്രീജിത്ത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീതുവിന്റെ സാമ്പത്തിക ഇടപാടുകളും മതപരമായ വിശ്വാസങ്ങളും കൊലപാതകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തത വരുത്താനാണ് ദേവീദാസനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുന്നത്. പൂജപ്പുര വനിതാ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ശ്രീതുവിനെ ഇന്നു വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യും. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

ദേവീദാസന്റെ സഹായിയായി ഹരികുമാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പൊലീസിനു വിവരം ലഭിച്ചത്. ഒരാഴ്ചയോളം ഇവിടെ ജോലി ചെയ്തിരുന്നു. പിന്നീട് ഹരികുമാറിനെ പറഞ്ഞുവിട്ടുവെന്നാണ് ദേവീദാസന്‍ പൊലീസിനോടു പറഞ്ഞത്. അതേസമയം, ദേവീദാസന്‍ പ്രശ്‌നക്കാരനാണെന്നാണ് ഹരികുമാര്‍ പറയുന്നു. ഹരികുമാറിന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ പൂജ നടത്താന്‍ ദേവീദാസന്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് ഏതെങ്കിലും തരത്തിലുള്ള ആഭിചാരക്രിയകള്‍ നടത്താനുള്ള പദ്ധതിയുണ്ടായിരുന്നോ എന്ന തരത്തില്‍ സംശയം ഉയര്‍ന്നിരിക്കുന്നത്. ദേവീദാസന്റെ ഭാര്യയും സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. ശ്രീതുവിന്റെ 30 ലക്ഷം രൂപ ദേവീദാസന്‍ തട്ടിപ്പുവെന്ന ആക്ഷേപത്തിലും വ്യക്തത വരാനുണ്ട്.

English Summary:

Balaramapuram Child Murder: Police Take Another Suspect into Custody

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com