ബാങ്കോക്കിലേക്ക് പോകുന്നത് അറിയിച്ചില്ല, മകനെ തട്ടിക്കൊണ്ടു പോയെന്ന് എംഎൽഎ; വിമാനം തിരിച്ചിറക്കി

Mail This Article
മുംബൈ ∙ ചാർട്ടേഡ് വിമാനത്തിൽ ബാങ്കോക്കിലേക്കു പുറപ്പെട്ട മകനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിച്ച ഷിൻഡെ വിഭാഗം എംഎൽഎ പരാതി നൽകിതോടെ, പൊലീസ് ഇടപെട്ട് വിമാനം തിരിച്ചിറക്കി. മകൻ റിഷിരാജ് സാവന്ത് യാത്രാവിവരം അറിയിക്കാതിരുന്നതാണ് തന്നെ പരിഭ്രാന്തനാക്കിയതെന്ന് മുൻ ആരോഗ്യമന്ത്രി കൂടിയായ താനാജി സാവന്ത് പിന്നീട് പറഞ്ഞു. റിഷിരാജിനെ 2 പേർ ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന അജ്ഞാത ഫോൺകോൾ തിങ്കളാഴ്ച വൈകിട്ട് പൊലീസിന് ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ, താനാജി സാവന്തും പരാതി നൽകി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ഉച്ചയോടെ പുണെയിലെ ലൊഹേഗാവ് വിമാനത്താവളത്തിൽ റിഷിരാജ് എത്തിയിരുന്നെന്നും തുടർന്ന് ബാങ്കോക്കിലേക്ക് പറന്നെന്നും കണ്ടെത്തി. 78 ലക്ഷം രൂപ ചെലവിലാണ് റിഷിരാജും 2 സുഹൃത്തുക്കളും സ്വകാര്യ വിമാനം ബുക്ക് ചെയ്തതെന്ന വിവരവും ലഭിച്ചു. പൊലീസ് ഇടപെട്ട് തിരിച്ചുവിളിച്ചതോടെ, തിങ്കളാഴ്ച വൈകിട്ട് 4ന് പുറപ്പെട്ട വിമാനം രാത്രി 9ന് പുണെ വിമാനത്താവളത്തിൽ ഇറക്കി.