ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മലപ്പുറം ∙ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ച ശശി തരൂർ എംപിക്കു മറുപടിയുമായി മുസ്‌‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. എന്തെങ്കിലും നേട്ടം കേരളത്തിന് ഇന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞ കാലങ്ങളിലെ യുഡിഎഫ് സർക്കാരിന്റെ അശ്രാന്ത പരിശ്രമത്താലാണെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ഒറ്റക്കെട്ടായി തരൂരിനെ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണു കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയത്.

‘‘നിക്ഷേപ അന്തരീക്ഷം ഇല്ലാതാക്കാൻ നെഗറ്റീവ് നിലപാടെടുത്തത് ഇടതുപക്ഷമാണ്. മൂന്നാറിൽ വെളുത്ത പൂച്ചയും കറുത്ത പൂച്ചയും മണ്ണുമാന്തി യന്ത്രവുമായി പോയതു നിക്ഷേപ അനുകൂല നിലപാടാണോ? ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതിന്റെ ഗുണമുണ്ടാകും. തരൂരിന്റെ പ്രസ്താനവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരാമർശങ്ങൾക്കില്ല. അങ്ങനെ പറയണമെന്നു തോന്നിയാൽ പറയേണ്ട സമയത്ത്, പറയേണ്ട രീതിയിൽ, എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ പറയാനറിയുന്ന സംഘടനയാണു ലീഗ്. ഇപ്പോൾ ആ ചർച്ചയുടെ ഭാഗമാകാനില്ല.’’ – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

‘‘യുഡിഎഫ് സർക്കാരുകളാണു പതുക്കെയാണെങ്കിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോയത്. അതിനെല്ലാം തടസ്സമുണ്ടാക്കിയതും നെഗറ്റീവ് നിലപാട് എടുത്തതും അന്നത്തെ പ്രതിപക്ഷമായ ഇടതുപക്ഷമാണ്. അതിനെ എതിർത്തു യുഡിഎഫ് മുന്നോട്ടു പോയാണ് എൻജിനീയറിങ് കോളജുകളും പ്രഫഷനൽ കോളജുകളും സ്വകാര്യവൽക്കരിച്ചത്. അതിനാലാണു സ്റ്റാർട്ടപ്പും ഐടിയും വ്യവസായവുമെല്ലാം ഉണ്ടായത്. വ്യവസായരംഗം അപ്പാടെ മെച്ചമല്ല. പുതിയ സാങ്കതികവിദ്യകളും യുഡിഎഫിന്റെ നയങ്ങളുമാണ് ഇപ്പോഴത്തെ മാറ്റത്തിനു കാരണം.’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘‘ഞാൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഒരുപാട് മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് എ.കെ.ആന്റണി സർക്കാരാണ്. യുഡിഎഫ് സർക്കാരാണു കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയത്. പൊളിച്ചടുക്കൽ നയമാണ് എൽഡിഎഫിന്റേത്. കേരളത്തില്‍ വ്യവസായം വളര്‍ത്തിയതു യുഡിഎഫ് സര്‍ക്കാരുകളാണ്. സ്റ്റാര്‍ട്ടപ്പുകളുടെ മേനി പറയുന്നവര്‍ മുന്‍പത്തെ സമരകാലങ്ങള്‍ കൂടി ഓര്‍ക്കണം. ചില ഇടതുസര്‍ക്കാരുകളുടെ നയംതന്നെ ഇടിച്ചുപൊളിക്കല്‍ ആയിരുന്നു’’– കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റിയിൽനിന്നു മാറി നിന്നുവേണം തരൂര്‍ സ്വതന്ത്ര അഭിപ്രായം പറയാനെന്നു യു‍ഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പ്രതികരിച്ചു. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ മാറ്റം വരുത്തിയെന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനമെന്നു തരൂർ നിലപാട് മയപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമ കുറിപ്പിൽ തരൂർ പറഞ്ഞു.

English Summary:

Tharoor vs. Kunhalikutty: UDF Rejects Tharoor's Praise of Left Government's Industrial Policy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com