‘ഒരമ്മയ്ക്കും മക്കളെ മർദിച്ച് അവശരാക്കാനാവില്ല’: മകനെ മർദിച്ചെന്ന് അച്ഛന്റെ പരാതി; യുവതിക്ക് ജാമ്യം

Mail This Article
മുംബൈ ∙ ഒരമ്മയ്ക്കും സ്വന്തം മക്കളെ മർദിച്ച് അവശരാക്കാൻ കഴിയില്ലെന്ന നിരീക്ഷണത്തോടെ, ബാലനെ മർദിച്ചെന്ന കേസിൽ അമ്മയ്ക്കും (28) അവരുടെ ജീവിതപങ്കാളിക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഏഴു വയസ്സുകാരനായ മകനെ അമ്മയും അവരുടെ ജീവിത പങ്കാളിയും ചേർന്ന് തുടർച്ചയായി പീഡിപ്പിച്ചെന്നാരോപിച്ചാണു കുട്ടിയുടെ പിതാവ് പരാതി നൽകിയത്.
‘‘കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരാണ്, അവരുടെ ഇടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നുമുണ്ട്. ഇതിനിടയിൽ കുട്ടി ബലിയാടായി മാറുകയായിരുന്നു. അപസ്മാരം, വിളർച്ച, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രയാസങ്ങൾ കുട്ടി അനുഭവിക്കുന്നുണ്ട്. കുട്ടിക്കാവശ്യമായ മുഴുവൻ പരിചരണവും ചികിത്സയും അമ്മ നൽകിയിട്ടുമുണ്ട്. പരാതിക്കാരന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ കോടതിക്കു കണ്ടെത്താനായിട്ടില്ല.’’ – ജാമ്യ ഉത്തരവിൽ ജസ്റ്റിസ് മിലിന്ദ് ജാദവ് പറഞ്ഞു.
കുട്ടിയെ ഒരുതവണ കൊല്ലാൻ ശ്രമിച്ചു, പങ്കാളി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നെല്ലാം പരാതിയിൽ ആരോപിച്ചിരുന്നു. 2019ൽ വിവാഹബന്ധം വേർപിരിഞ്ഞതു മുതൽ രത്നാഗിരിയിൽ പിതാവിനൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. 2023 ൽ അമ്മ ബലം പ്രയോഗിച്ച് കുട്ടിയെ മുംബൈയിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം.